2026 ടി-20 ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരവും വിജയിച്ച് ഇന്ത്യ അപരാജിതരായി സൂപ്പര്‍ 8ന് ടിക്കറ്റെടുത്തിരിക്കുകയാണ്. ഗ്രൂപ്പ് എ-യില്‍ നിന്നും കളിച്ച നാല് മത്സരത്തില്‍ നിന്നും നാല് വിജയവും സ്വന്തമാക്കി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പര്‍ 8ന് യോഗ്യത നേടിയത്.
കഴിഞ്ഞ ദിവസം നെതര്‍ലന്‍ഡ്‌സിനെതിരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ശിവം ദുബെയുടെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്. ബാറ്റിങ്ങില്‍ 31 പന്തില്‍ 66 റണ്‍സ് നേടിയ താരം ബൗളിങ്ങില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ വെറും 14 റണ്‍സിന് മൂന്ന് വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഓപ്പണര്‍ മാക്‌സ് ഒ ഡൗഡ്, കോളിന്‍ അക്കര്‍മാന്‍, ആര്യന്‍ ദത്ത് എന്നിവരെയാണ് വരുണ്‍ മടക്കിയത്.
കഴിഞ്ഞ മത്സരത്തിലും വരുണ്‍ ചക്രവര്‍ത്തി തന്റെ നാല് ഓവര്‍ ക്വാട്ട എറിഞ്ഞ് പൂര്‍ത്തിയാക്കിയിരുന്നില്ല. നെതര്‍ലന്‍ഡ്‌സിനെതിരെ ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് നാല് ഓവറും എറിഞ്ഞത്.
കേവലം നെതര്‍ലന്‍ഡ്‌സിനെതിരെ മാത്രമല്ല, ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാല് മത്സരത്തില്‍ മൂന്നിലും നിലവിലെ ഒന്നാം നമ്പര്‍ ടി-20 ബൗളര്‍ക്ക് നാല് ഓവറും ക്യാപ്റ്റന്‍ നല്‍കിയിട്ടില്ല. യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇന്ത്യ വരുണിന് നാല് ഓവറും നല്‍കിയത്.
വരുണ്‍ ചക്രവര്‍ത്തി. Photo: BCCI
യു.എസ്.എയ്‌ക്കെതിരെ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്. നമീബിയക്കെതിരെ രണ്ട് ഓവര്‍ മാത്രം പന്തെറിഞ്ഞപ്പോള്‍ പാകിസ്ഥാനെതിരെയും മൂന്ന് ഓവറുകള്‍ മാത്രമാണ് ചക്രവര്‍ത്തിക്ക് ലഭിച്ചത്.
vs യു.എസ്.എ – 4-0-24-1
vs നമീബിയ – 2-0-7-3
vs പാകിസ്ഥാന്‍ – 3-0-14-2
vs നെതര്‍ലന്‍ഡ്‌സ് – 3-0-14-3
ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 12 ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 5.16 ആണ് താരത്തിന്റെ എക്കോണമി.
ഗ്രൂപ്പ് ഘട്ടമവസാനിക്കുമ്പോള്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് ചക്രവര്‍ത്തി. യു.എസ് താരം ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക്കാണ് ഒന്നാമത്.
ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക്. Photo: ICC
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക് – യു.എസ്.എ – 13
വരുണ്‍ ചക്രവര്‍ത്തി – ഇന്ത്യ – 9
മൈക്കല്‍ ലീസ്‌ക് – ഇന്ത്യ – 9
ഉസ്മാന്‍ താരിഖ് – പാകിസ്ഥാന്‍ – 8
ലുങ്കി എന്‍ഗിഡി – സൗത്ത് ആഫ്രിക്ക – 3
അസ്മത്തുള്ള ഒമര്‍സായ് – അഫ്ഗാനിസ്ഥാന്‍ – 8
Content Highlight: Varun Chakravarthy has only completed his full quota once in the group stage.