ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമനായിക്കൊണ്ടാണ് വരുണ്‍ ചക്രവര്‍ത്തി 2025 അവസാനിപ്പിക്കുന്നത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് റാങ്കിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ കുതിപ്പ്.
804 എന്ന റേറ്റിങ്ങോടെയാണ് വരുണ്‍ ചക്രവര്‍ത്തി 2025 അവസാനിപ്പിക്കുന്നത്. റാങ്കിങ്ങില്‍ രണ്ടാമതുള്ള ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ജേകബ് ഡഫിക്ക് 699 റേറ്റിങ്ങാണുള്ളത്.
വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com
694, 691, 687 എന്നിങ്ങനെയാണ് റാങ്കിങ്ങില്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള റാഷിദ് ഖാന്‍, അബ്രാര്‍ അഹമ്മദ്, വാനിന്ദു ഹസരങ്ക എന്നിവരുടെ റേറ്റിങ്. ഇവര്‍ തമ്മില്‍ കേവലം പോയിന്റുകള്‍ മാത്രം വ്യത്യാസമുള്ളപ്പോഴാണ് 105 റേറ്റിങ് പോയിന്റ് ലീഡുമായി വരുണ്‍ ചക്രവര്‍ത്തി കുതിക്കുന്നത്.
ഇതോടെ ഒരു നേട്ടവും വരുണ്‍ ചക്രവര്‍ത്തിയുടെ പേരില്‍ കുറിക്കപ്പെട്ടു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 800+ റേറ്റിങ് പോയിന്റോടെ കലണ്ടര്‍ ഇയര്‍ അവസാനിപ്പിക്കുന്ന താരമെന്ന നേട്ടമാണ് വരുണ്‍ സ്വന്തമാക്കിയത്. ഈ റെക്കോഡ് നേടുന്ന നാലാമത് മാത്രം ഇന്ത്യന്‍ താരമാണ് വരുണ്‍ ചക്രവര്‍ത്തി.
വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com
(താരം – വര്‍ഷം – ഫോര്‍മാറ്റ് – റേറ്റിങ് എന്നീ ക്രമത്തില്‍)
കപില്‍ ദേവ് – 1983 – എകദിനം – 823
മനീന്ദര്‍ സിങ് – 1987 – ഏകദിനം – 812
ജസ്പ്രീത് ബുംറ – 2018 – ഏകദിനം – 840
വരുണ്‍ ചക്രവര്‍ത്തി – 2025 – ടി-20ഐ – 804*
വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com
ഈ വര്‍ഷം ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ ആറാമനും ടോപ്പ് റാങ്ക്ഡ് ടീമുകളുടെ പട്ടികയെടുക്കുമ്പോള്‍ ഒന്നാമനുമാണ് വരുണ്‍. 2025ല്‍ പന്തെറിഞ്ഞ 18 ഇന്നിങ്‌സില്‍ നിന്നും 36 വിക്കറ്റുകളാണ് വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കിയത്.
13.19 ശരാശരിയിലും 11.16 സ്‌ട്രൈക് റേറ്റിലുമാണ് ഈ വര്‍ഷം വരുണ്‍ ചക്രവര്‍ത്തി പന്തെറിഞ്ഞത്. ഒരോന്ന് വീതം ഫൈഫറും ഫോര്‍ഫറും താരം സ്വന്തമാക്കി. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
Content Highlight: Varun Chakravarthy end the year 2025 with 800+ ICC Ratings in T20I