| Monday, 20th April 2026, 8:55 am

ആദ്യ വിജയത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് കൊല്‍ക്കത്തയുടെ മിസ്റ്ററി സ്പിന്നര്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് കെ.കെ.ആര്‍ തകര്‍ത്തത്. ഇതോടെ സീസണിലെ ആദ്യ വിജയം രേഖപ്പെടുത്താന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് സാധിച്ചു.

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് വൈഭവ് സൂര്യവംശിയും യശ്വസി ജെയ്‌സ്വാളുമാണ്. വൈഭവ് 28 പന്തില്‍ 46 റണ്‍സാണ് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജെയ്‌സ്വാള്‍ 29 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സും അടക്കം 39 റണ്‍സും സ്വന്തമാക്കി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കാര്‍ത്തിക് ത്യാഗി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു. സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും നേടി. ഇംപാക്ട് ആയി ഇറങ്ങിയ വരുണ്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. 3.50 എന്ന കിടിലന്‍ എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്.

മത്സരത്തിലെ താരമാകാനും മിസ്റ്ററി സ്പിന്നര്‍ എന്ന് വിളിപ്പേരുള്ള വരുണിന് സാധിച്ചിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണ്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് വരുണ്‍. ടി-20 ഫോര്‍മാറ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ടി-20യില്‍ 152 ഇന്നിങ്‌സില്‍ നിന്ന് 202 വിക്കറ്റുകളാണ് താരം നിലവില്‍ സ്വന്തമാക്കിയത്. ഇന്ത്യ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, തമിഴ്‌നാട്, ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, കാരക്കുടി കാളയ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, സീചെം മധുര പാന്തേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം കളിച്ചത്. മാത്രമല്ല വരുണിന് പുറമെ രമണ്‍ദീപ് സിങ് 1000 ടി-20 റണ്‍സും മത്സരത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.

മത്സരത്തില്‍ ഒരു ഘട്ടത്തില്‍ തകര്‍ച്ചയിലെത്തിയ കൊല്‍ക്കത്തയെ റിങ്കു സിങ്ങും അനുകുല്‍ റോയിയും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരിക്കുന്നു. 34 പന്തുകളില്‍ നിന്നും പുറത്താവാതെ 53 റണ്‍സ് നേടിയാണ് റിങ്കു തിളങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. അനുകൂല്‍ റോയ് 29 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

രാജസ്ഥാന്റെ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, യാഷ് പുഞ്ച, രവി ബിഷ്ണോയ്, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Varun Chakravarthy Complete 200 t20 Wickets

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more