| Friday, 6th March 2026, 10:04 am

ഒറ്റ റണ്ണില്‍ ഒന്നാം സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടു; ജയത്തിലും കരഞ്ഞ് ചക്രവര്‍ത്തി

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പ് രണ്ടാം സെമി ഫൈനലിലെ ആവേശപ്പോരിനൊടുവില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് മെന്‍ ഇന്‍ ബ്ലൂ ഇംഗ്ലണ്ടിനെ തകര്‍ത്തത്. മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് അത് മികച്ച ദിവസമായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ നാല് ഓവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ താരം വിട്ടുനല്‍കിയത് 64 റണ്‍സാണ്. 16.00 എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്.

വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com

ഇതോടെ ഒരു മോശം റെക്കോഡിലും വരുണ്‍ ഇടം പിടിച്ചു. ഒരു ടി – 20 ലോകകപ്പ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ രണ്ടാമത്തെ താരമായാണ് ഇന്ത്യന്‍ സ്പിന്നര്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. ശ്രീലങ്കന്‍ താരം സനത് ജയസൂര്യയ്ക്കൊപ്പമാണ് 29 കാരന്‍ രണ്ടാം സ്ഥാനം നേടിയത്.

ഈ ലിസ്റ്റില്‍ ഒന്നാമത് യു.എസ്.എ താരം സൗരഭ് നേത്രവല്‍ക്കറാണ്. ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ താരം 65 റണ്‍സ് വഴങ്ങിയിരുന്നു. ഒറ്റ റണ്‍ വ്യത്യാസമാണ് വരുണും സൗരഭും തമ്മിലുള്ളത്.

ഒരു ടി – 20 ലോകകപ്പ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരങ്ങള്‍

(റണ്‍സ് – താരം – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

65 – സൗരഭ് നേത്രവല്‍ക്കര്‍ – യു.എസ്.എ – ഇന്ത്യ – 2026

64 – വരുണ്‍ ചക്രവര്‍ത്തി – ഇന്ത്യ – ഇംഗ്ലണ്ട് – 2026

64 – സനത് ജയസൂര്യ – ശ്രീലങ്ക – പാകിസ്ഥാന്‍ – 2007

63 – മഷ്‌റഫെ മൊര്‍ത്താസ – ബംഗ്ലാദേശ് – പാകിസ്ഥാന്‍ – 2014

61 – ലാമെക്ക് ഒനിയാങ്കോ – കെനിയ – ശ്രീലങ്ക – 2007

61 – ജോഫ്ര ആര്‍ച്ചര്‍ – ഇംഗ്ലണ്ട് – ഇന്ത്യ – 2026

ഇന്ത്യൻ ടീം. Photo: BCCI/x.com

അതേസമയം, ഇന്ത്യയ്ക്ക് മുന്നില്‍ ഇനി ഫൈനല്‍ മാത്രമാണുള്ളത്. മാര്‍ച്ച് 8ന് ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ന്യൂസിലാന്‍ഡുമായുള്ള ഫൈനല്‍. കിരീടം നിലനിര്‍ത്തുന്നതിനൊപ്പം മൂന്നാം കിരീടം എന്ന സ്വപ്നത്തിലാണ് നീലപ്പട അവസാനയങ്കത്തിന് ഒരുങ്ങുന്നത്. മറുവശത്ത് കന്നി കിരീടമാണ് ഇംഗ്ലണ്ടിന്റെ ഇംഗ്ലീഷ് പടയുടെ ലക്ഷ്യം.

Content Highlight: Varun Chakravarthy became second player to concede most runs in a T20 World Cup Innings

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more