| Sunday, 19th October 2025, 8:24 pm

രോഹിത്തും വിരാടും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണം; മുന്‍ ഇന്ത്യന്‍ പേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രം നേടിയത്. രസംകൊല്ലിയായി മഴയെത്തിയതോടെ 26 ഓവറുകളായിട്ടാണ് മത്സരം ചുരുക്കിയത്. ഡി.എല്‍.എസ് രീതിയില്‍ 131 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കങ്കാരുപ്പട 29 പന്ത് ശേഷിക്കേയാണ് മത്സരത്തില്‍ വിജയിച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറെ കാലത്തിന് ശേഷം കളത്തിലിറങ്ങിയ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏറെ നിരാശപ്പെടുത്തിയാണ് മടങ്ങിയത്. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് തിരികെ നടന്നു. 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയ താരം ജോഷ് ഹേസല്‍വുഡിന് മുന്നില്‍ വീഴുകയായിരുന്നു. വാനോളം പ്രതീക്ഷ നല്‍കിയ വിരാട് കോഹ്‌ലി രോഹിത്തിന് പിന്നാലെ ഡക്കായി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെയായിരുന്നു താരത്തിന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.

varun

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍. രോഹിത്തും വിരാടും ആഭ്യന്തര മത്സരങ്ങളില്‍ കളിക്കണമെന്നാണ് മുന്‍ താരം പറഞ്ഞത്. നവംബറില്‍ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തുടര്‍ന്ന് ഡിസംബറില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും താരങ്ങള്‍ പരിശീലനം നടത്തുന്നത് നല്ലതാണെന്നും, ഇത് ക്രിക്കറ്റ് കളിയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സാധിക്കുമെന്നും വരുണ്‍ പറഞ്ഞു.

‘ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് നിര്‍ണായകമാണ്. നവംബറില്‍ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയും തുടര്‍ന്ന് ഡിസംബറില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയും, കളിയുമായി ബന്ധം നിലനിര്‍ത്താന്‍ അനുയോജ്യമായ അവസരങ്ങളാണ്. എം.എസ്. ധോണിയെ ഞാന്‍ ഓര്‍ക്കുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം മത്സരങ്ങള്‍ കളിച്ചു. ക്രിക്കറ്റുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ഇതൊരു മികച്ച മാര്‍ഗമാണ്. രണ്ട് ബാറ്റര്‍മാരും അത് പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും കളിക്കുന്നത്, അതിനാല്‍ പതിവ് മത്സര പരിശീലനം അത്യാവശ്യമാണ്,’ വരുണ്‍ ആരോണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

Content Highlight: Varun Aron Talking About Rohit Sharma And Virat Kohli

We use cookies to give you the best possible experience. Learn more