ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 പരമ്പരയിൽ സമ്പൂർണമായി ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ 56 റൺസിന് വീഴ്ത്തി ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ പരാജയപ്പെടുന്ന രണ്ടാമത്തെ പരമ്പരയാണിത്. അയർലാൻഡിനെതിരെയുള്ള പരമ്പരയിലും ഇന്ത്യ അയ്യരുടെ കീഴിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഈ മോശം പ്രകടനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ താരം വരുൺ ആരോൺ. ശിവം ദുബെയുടെ പ്രകടനങ്ങളെ കുറിച്ചാണ് വരുൺ വിലയിരുത്തിയത്. ദുബെയെ കൊണ്ട് പന്തറിയിക്കുന്നില്ലെങ്കിൽ ടീമിന് ദുബെയെ ആവശ്യമില്ലെന്നാണ് വരുൺ ആരോൺ പറഞ്ഞത്.
ദുബെ ഏഷ്യ കപ്പിലാണ് അവസാനമായി പന്തെറിഞ്ഞതെന്നും വരുൺ ആരോൺ വ്യക്തമാക്കി. ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
‘ശിവം ദുബെ ബൗൾ ചെയ്യുന്നത് വളരെ കുറവായിരിക്കും. അതിന് ടീം മാനേജ്മെന്റിനെയാണ് നമ്മൾ കുറ്റം പറയേണ്ടത്. അദ്ദേഹത്തെ ഒരു ഓൾ റൗണ്ടർ ആയിട്ടാണ് കളിപ്പിക്കുന്നതെങ്കിൽ കൂടുതൽ ഉത്തരവാദിത്വം കൊടുക്കണം. അവസാനമായി ദുബെയെ ബൗൾ ചെയ്യിപ്പിച്ചത് ഏഷ്യ കപ്പിലാണ്.
പാകിസ്ഥാനെതിരെ ന്യൂ ബോളിൽ അവനെ കൊണ്ട് പന്തെറിയിപ്പിച്ചു. നിങ്ങൾക്ക് അദ്ദേഹത്തെ ഒരു ഓൾ റൗണ്ടറായി വേണമെങ്കിൽ പന്തെറിയാൻ നിർബന്ധിക്കണം അത് പറ്റുന്നില്ലെങ്കിൽ അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്,’ വരുൺ ആരോൺ പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 257 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിക്കുകയായിരുന്നു.
Varun Aaron talks about Shivam Dube performance in T20 cricket for India