| Sunday, 1st March 2026, 8:00 am

അദ്ദേഹത്തിന് ന്യൂ ബോള്‍ തന്നെ നല്‍കണം; നിര്‍ദേശവുമായി വരുണ്‍ ആരോണ്‍

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തിനിറങ്ങുകയാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളര്‍ വരുണ്‍ ആരോണ്‍.

വിന്‍ഡീസിനെതിരായ മത്സരത്തില്‍ ബുംറയ്ക്ക് ന്യൂ ബോള്‍ നല്‍കണമെന്നാണ് മുന്‍ പേസര്‍ പറയുന്നത്. സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ താരത്തിന് വൈകിയാണ് പന്ത് നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു വരുണ്‍ ആരോണ്‍.

‘ബുംറയ്ക്ക് ന്യൂ ബോള്‍ തന്നെ നല്‍കണമെന്ന് എനിക്ക് തോന്നുന്നു. സിംബാബ്‌വേയ്ക്കെതിരെ ഇന്ത്യ വലിയ മാര്‍ജിനില്‍ വിജയിച്ചു, എന്നാല്‍ ബുംറയ്ക്ക് ന്യൂ ബോള്‍ നല്‍കിയിരുന്നെങ്കില്‍ ആ മാര്‍ജിന്‍ ഇതിലും വലുതാകുമായിരുന്നു.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടയില്‍ ജസ്പ്രീത് ബുംറയും സഹ താരങ്ങളും

പന്ത് സ്വിങ് ചെയ്യിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ചതാണ്. പക്ഷേ, കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം അഞ്ചാം ഓവറില്‍ പന്തെറിയാനെത്തിയപ്പോള്‍ റിസള്‍ട്ട് കുറവായിരുന്നു. അത് ബുദ്ധിമുട്ടുള്ള ഓവറുകളാണ്, കാരണം ആ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ സ്വിങ് ലഭിക്കില്ല,’ വരുണ്‍ ആരോണ്‍ പറഞ്ഞു.

അതേസമയം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ആരാവും വിജയ് എന്നറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഗ്രൂപ്പ് 1ല്‍ നിന്നുമുള്ള രണ്ടാമത് സെമി ഫൈനലിസ്റ്റുകള്‍ നിശ്ചയിക്കുന്ന മത്സരമാണിത്.

രണ്ട് മത്സരത്തില്‍ നിന്നും ഓരോന്ന് വീതം വിജയവും പരാജയവുമാണ് ഇന്ത്യയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമുള്ളത്. ഇരു ടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് മുമ്പില്‍.

വെസ്റ്റ് ഇന്‍ഡീസിന് നിലവില്‍ +1.791 എന്ന റണ്‍ റേറ്റും ഇന്ത്യയ്ക്ക് -0.100 എന്ന റണ്‍ റേറ്റുമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ കരീബിയന്‍ കരുത്തര്‍ പരാജയപ്പെട്ടതോടെ നെറ്റ് റണ്‍ റേറ്റില്‍ മുമ്പിലെത്താന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ സിംബാബ്വേയ്ക്കെതിരായ മത്സരത്തില്‍ ആ അവസരം മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

Content Highlight: Varun Aaron Talks About Jasprit Bumrah

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more