| Wednesday, 4th February 2026, 6:54 pm

ഏത് പ്രതികൂല സാഹചര്യത്തിൽ നിന്നും തിരിച്ചുവരുന്നവർ, ഇന്ത്യയ്ക്ക് കടുത്ത വെല്ലിവിളിയാകും, പക്ഷേ ഓസ്‌ട്രേലിയല്ല; വരുൺ ആരോൺ

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിൽ ന്യൂസിലാൻഡ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തുമെന്ന് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ. സ്പിന്നിനെ മികച്ച രീതിയിൽ നേരിടാൻ അറിയുന്ന താരങ്ങൾ അവർക്കുണ്ടെന്നും ഫോമിലുള്ള ഡാരിൽ മിച്ചാലായിരിക്കും അവരുടെ നിർണായക താരമെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും തോൽവി സമ്മതിക്കാത്ത മനോഭാവമാണ് ന്യൂസിലാൻഡിന്റെ കരുത്തെന്നും ഏത് പ്രതികൂല സാഹചര്യത്തിൽ നിന്നും തിരിച്ചുവരാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു വരുൺ ആരോൺ.

വരുൺ ആരോൺ. Photo: Cricviz/x.com

‘സ്പിന്നിനെ മികച്ച രീതിയിൽ കളിക്കാൻ അറിയുന്ന ഒരുപിടി താരങ്ങൾ ന്യൂസിലാൻഡിനുണ്ട്. അവർ ഇന്ത്യയ്ക്ക് വലിയൊരു വെല്ലുവിളിയാണ്. ഏഷ്യൻ പിച്ചുകളിൽ കളിക്കുമ്പോൾ സ്പിന്നിനെതിരെ മികച്ച ബാറ്റിങ് പുറത്തെടുക്കുകയെന്നത് പ്രധാനമാണ്.

ഐ.പി.എല്ലിൽ കളിച്ചുള്ള വലിയ പരിചയവും അവർക്കുണ്ട്. ടീമിലെ നിർണായക താരം ഡാരിൽ മിച്ചലായിരിക്കും. ഒരിക്കലും തോൽവി സമ്മതിക്കാത്ത മനോഭാവമാണ് ന്യൂസിലാൻഡിന്റേത്. അതാണ് കരുത്ത്. അവർക്ക് ഏത് പ്രതികൂല സാഹചര്യത്തിൽ നിന്നും തിരിച്ചുവരാനുള്ള കഴിവുണ്ട്.

ഇന്ത്യയെയും ഓസ്‌ട്രേലിയെയും വെച്ച് നോക്കുമ്പോൾ ന്യൂസിലാൻഡിൽ വലിയ സൂപ്പർ താരങ്ങളില്ല. പക്ഷേ, അവർ എപ്പോഴും ഒത്തൊരുമയോടെ കളിക്കുന്നു. കൂടാതെ, അവർ ഫീൽഡിങ്ങിൽ മികവ് പുലർത്തി ഒരുപാട് റൺസ് ലഭിക്കുന്നു. അതാണ് ഏറ്റവും പ്രധാനം,’ വരുൺ ആരോൺ പറഞ്ഞു.

ഇന്ത്യൻ ടീമും ന്യൂസിലാൻഡ് ടീമും. Photo: BCCI& BlackCaps/x.com

അതേസമയം, ഫെബ്രുവരി ഏഴ് മുതലാണ് ലോകകപ്പിന് അരങ്ങുണരുന്നത്. മാർച്ച് എട്ടിനാണ് കലാശപ്പോര് നടക്കുക. ടൂർണമെന്റിൽ ഇന്ത്യ ഗ്രൂപ്പ് എ-യിൽ ഇടം പിടിച്ചപ്പോൾ ന്യൂസിലാൻഡ് ഗ്രൂപ്പ് ഡി – യിലാണ്.

പാകിസ്ഥാൻ, യു.എസ്.എ, നമീബിയ, നെതർലൻഡ്സ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. കിവീസിനൊപ്പം അഫ്ഗാനിസ്ഥാൻ, സൗത്ത് ആഫ്രിക്ക, കാനഡ, യു.എ.ഇ എന്നിവരാണ്.

Content Highlight: Varun Aaron says that New Zealand will be a big challenge for India in T20 World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more