| Saturday, 1st August 2026, 8:00 pm

പാര്‍ലമെന്റിലെ പ്രതിഷേധം: രാഹുലും പപ്പു യാദവും സനാതന ധര്‍മത്തെ അപമാനിച്ചെന്ന് കേസ്

റെന്വര്‍ പി

വാരണാസി: പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രതിപക്ഷ പ്രതിഷേധത്തിനിടെ സനാതന ധര്‍മത്തെ അധിക്ഷേപിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മറ്റ് രണ്ട് എം.പിമാര്‍ക്കുമെതിരെ യു.പി പൊലീസ് കേസെടുത്തു.

രാഹുലിന് പുറമെ പ്രതിപക്ഷ എംപിമാരായ പപ്പു യാദവ്, അവധേഷ് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് വാരണാസി പൊലീസ് കേസെടുത്തത്. കോട് വാലി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ കേസെടുത്തതെന്ന് കാശി സോണ്‍ ഡി.സി.പി ഗൗരവ് ബന്‍സ്വാല്‍ അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പാതാള്‍പുരി മഠം തലവന്‍ ജഗത്ഗുരു ബാലക് ദാസ് എന്നയാള്‍ നല്‍കിയ ഹരജിയിലാണ് പൊലീസ് കേസെടുത്തതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ബി.എന്‍.എസ് 299, 302 വകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.പിയിലെ ഫൈസാബാദില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പിയാണ് അവധേഷ് പ്രസാദ്. ബിഹാറിലെ പൂര്‍ണിയയില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് പപ്പു യാദവ് എന്ന രാജേഷ് രഞ്ജന്‍. ഇവരെ കൂടാതെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എ.എ.പി നേതാവ് അരവന്ദ് കെജ് രിവാള്‍ എന്നിവര്‍ക്കെതിരെ കൂടിയാണ് ബാലക് ദാസിന്റെ പരാതിയെന്ന് എ.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റില്‍ ശ്രീരാമനെയും സനാതന ധര്‍മത്തെയും പപ്പുയാദവ് മാപ്പര്‍ഹിക്കാത്ത തരത്തില്‍ അപമാനിച്ചെന്ന് ബാലക് ദാസ് ആരോപിച്ചു. സനാതന ധര്‍മം പിന്തുടരുന്ന ഒരാള്‍ക്കും ഇത് മറക്കാനാവില്ലെന്നും ഇത് തങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തിയെന്നും ഇതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ദാസ് പറയുന്നു. കാവി വസ്ത്രം ധരിച്ച് പപ്പു യാദവ് ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയതിനാലാണ് താന്‍ പരാതി നല്‍കിയതെന്നും ദാസ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യ രാമക്ഷേത്ര അഴിമതി, ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമം എന്നീ വിഷയങ്ങളില്‍ ഇന്നലെ (ജൂലൈ 31, വെള്ളി) പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരു സ്‌കിറ്റും അവതരിപ്പിച്ചിരുന്നു.

രാമക്ഷേത്ര തട്ടിപ്പിനെ കുറിച്ചായിരുന്നു സ്‌കിറ്റ്. ഒരു ഭണ്ഡാരത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പണം നിക്ഷേപിക്കുന്നതും കാവി വസ്ത്രം ധരിച്ചെത്തിയ പപ്പു യാദവ് ആ പണം അടിച്ചു മാറ്റുന്നതുമായുള്ള രംഗം സ്‌കിറ്റിലുണ്ടായിരുന്നു.

ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ വേറെയും പരാതികള്‍ പൊലീസിന് ലഭിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി നേതാവ് ബാന്‍സുരി സ്വരാജും ചില എം.എല്‍.എമാരും ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദു മത വികാരം വ്രണപ്പെടുന്നു എന്നാരോപിച്ചാണ് ഈ പരാതികളും.

പ്രതിപക്ഷ എം.പിമാര്‍ അവതരിപ്പിച്ച സ്‌കിറ്റ് ഹിന്ദുവികാരത്തെ അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി എം.എല്‍.എമാരായ കര്‍ണില്‍ സിങ്, അനില്‍ കുമാര്‍ ശര്‍മ തുടങ്ങിയവര്‍ ആരോപിച്ചതായും എ.എന്‍.ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും സമാന ആരോപണങ്ങള്‍ ഉന്നയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Varanasi cops book MPs Rahul Gandhi, Pappu Yadav, Awadesh Prasad for ‘insulting Sanatan Dharma’

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more