| Friday, 17th July 2026, 8:52 pm

കംബാക്കടിച്ച് നിന്ന വാണി വിശ്വനാഥിനെ ഫീല്‍ഡ് ഔട്ടാക്കി വിട്ടല്ലോ ഷാജിയേട്ടാ; വരവിലെ കാസ്റ്റിങ്ങിനെ ട്രോളി സിനിമാപേജുകള്‍

അമര്‍നാഥ് എം.

ടൈറ്റിലിന്റെ നേര്‍ വപരീത അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രമെന്നാണ് വരവിനെ വിശേഷിപ്പിക്കുന്നത്. എ.കെ. സാജന്റെ തിരക്കഥയില്‍ ജോജുവിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ മോശം പ്രതികരണങ്ങളാണ് സ്വന്തമാക്കുന്നത്. കടുവയില്‍ കംബാക്ക് നടത്തിയ ഷാജി കൈലാസ് തുടര്‍ച്ചയായ മൂന്നാം പരാജയമാണ് സ്വന്തമാക്കിയത്.

25 കൊല്ലം മുമ്പ് ഇറങ്ങിയിരുന്നെങ്കില്‍ ഫ്രഷ് കഥയെന്ന് വിശേഷിപ്പിക്കാമായിരുന്നു എന്നാണ് പലരും അഭിപ്രായം. അനിയനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ പരോളിലിറങ്ങിയ ചേട്ടന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരുലോഡ് ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തിലുള്ളത്. പല ആര്‍ട്ടിസ്റ്റുകളെയും ആവശ്യമില്ലാതെയാണ് ഷാജി കൈലാസ് കാസ്റ്റ് ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്.

മോളിവുഡിലെ വെറ്ററന്‍ നടിമാരിലൊരാളായ വാണി വിശ്വനാഥും ചിത്രത്തിന്റെ ഭാഗമാണ്. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രാന്‍സ്ഫറായി വന്ന പൊലീസ് ഓഫീസറുടെ വേഷമാണ് വാണിക്ക്. തെലുങ്ക് കലര്‍ന്ന മലയാളമെന്ന പേരില്‍ വാണി പറയുന്ന ഡയലോഗുകള്‍ അസഹനീയമായിരുന്നെന്ന് പലരും അഭിപ്രായം പങ്കുവെച്ചു.

ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടുനിന്ന വാണി വിശ്വനാഥ് ആഷിക് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബിലൂടെ ഗംഭീര കംബാക്ക് നടത്തിയതായിരുന്നു. എന്നാല്‍ അത്രയും നല്ല കംബാക്ക് നടത്തിയ വാണി വിശ്വനാഥിനെ ഫീല്‍ഡൗട്ടാക്കാന്‍ ഷാജി കൈലാസ് ശ്രമിച്ചെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. സിനിമയില്‍ നിന്ന് വിട്ടുനിന്ന സുകന്യയും ഈ സിനിമയിലൂടെ തിരിച്ചുവന്നെങ്കിലും മോശം കഥാപാത്രമാണ് താരത്തിന് ലഭിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധ നേടിയ കോട്ടയം രമേശിനെ ഈ സിനിമയില്‍ ജോജുവിന്റെ ഡ്രൈവറായാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും മോളിവുഡിലെ ആസ്ഥാന ഡ്രൈവറായി അദ്ദേഹത്തെ മാറ്റാനുള്ള ശ്രമമാണോ എന്നും ചോദ്യമുണ്ട്. പുതിയ എഴുത്തുകാരുമായി ചേര്‍ന്നില്ലെങ്കില്‍ ഇനിയും പരാജയം നേരിടേണ്ടി വരുമെന്നും ഷാജി കൈലാസിനോട് പലരും അഭിപ്രായപ്പെടുന്നു.

അര്‍ജുന്‍ അശോകന്, ബാബുരാജ്, മുരളി ഗോപി, സാനിയ ഇയപ്പന്‍, ബോബി കുര്യന്‍, അഭിമന്യു തിലകന്‍, ബൈജു സന്തോഷ്, ചാലി പാല തുടങ്ങി ആര്‍ട്ടിസ്റ്റുകളുടെ നീണ്ട നിര വരവിലുണ്ട്. ജോജുവിന്റെ നാല് ഫൈറ്റുകളുണ്ടെങ്കിലും യാതൊരു ഇമോഷണല്‍ കണക്ഷനുമില്ലാത്തത് ചിത്രത്തിന് തിരിച്ചടിയായി. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമകളുടെ പട്ടികയിലാണ് പലരും വരവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlight: Vani Viswanath’s character in Varavu movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more