| Friday, 20th March 2026, 1:55 pm

നായികമാര്‍ സിനിമയില്‍ ചെയ്യുന്ന വീട്ടമ്മറോള്‍ ഞാന്‍ ചെയ്തത് ജീവിതത്തിലാണ്: വാണി വിശ്വനാഥ്

ഐറിന്‍ മരിയ ആന്റണി

മലയാള സിനിമയുടെ ആക്ഷന്‍ ക്വീനാണ് വാണി വിശ്വനാഥ്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത് വാണി 1987ല്‍ പുറത്തിറങ്ങിയ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ച നടി ചിരഞ്ജീവി ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ് എന്ന സിനിമയിലൂടെയാണ് തിരിച്ചുവന്നത്.

നടന്‍ ബാബുരാജാണ് വാണി വിശ്വനാഥിന്റെ പങ്കാളി. വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. ആക്ഷന്‍ നായിക എങ്ങനെയാണ് പൂര്‍ണ്ണമായും സിനിമയുമായി വിട്ട് നിന്ന് ഒരു കുടുംബിനി ആയി തീര്‍ന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ വാണി വിശ്വനാഥ്.

‘സാധാരണ നായികമാര്‍ സിനിമയില്‍ ചെയ്യുന്ന വീട്ടമ്മറോള്‍ ഞാന്‍ ചെയ്തത് യഥാര്‍ഥ ജീവിതത്തിലാണ്. ഞാന്‍ നായികയും ബാബുവേട്ടന്‍ വില്ലനുമായി അഭിനയിച്ചിരുന്ന കാലത്തായിരുന്നു ഞങ്ങളുടെ വിവാഹം. കുഞ്ഞ് ജനിച്ചതോടെ കുടുംബം മാത്രമായി എനിക്ക് എല്ലാം. മക്കളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാന്‍ തന്നെയായിരുന്നു.

സഹായികള്‍ ഉണ്ടായിരുന്നെങ്കിലും മക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ പോലും ഞാന്‍ ഉണ്ടാക്കി കൊടുക്കുമായിരുന്നു. ദോശയൊക്കെ ചുടുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ അറിയാതെ ഒരു കൈ പിറകില്‍ വയ്ക്കുകയോ പോക്കറ്റിലിടുകയോ അറ്റന്‍ഷനില്‍ നില്‍ക്കുകയോ ചെയ്തുപോകും അപ്പോള്‍ മക്കള്‍ പറയും അമ്മ ഭയങ്കര സ്‌റ്റൈലി ഷായിട്ടാണല്ലോ കുക്ക് ചെയ്യുന്നത് എന്ന്.

അറിയാതെ വന്ന് പോകുന്നതാണ് ആ സ്‌റ്റൈലെന്നും തന്നെ ഒരിക്കലും ഒരു സിനിമാ താരമായിട്ടല്ല മക്കള്‍ കണ്ടിരിക്കുന്നതെന്നും നടി പറഞ്ഞു. താന്‍ വളരെ ആസ്വദിച്ചു ചെയ്ത റോളായിരുന്നു അമ്മയുടേതെന്നും ഒന്നിനെക്കാള്‍ മറ്റൊന്നു മികച്ചതാണെന്ന് തോന്നുമ്പോഴാണല്ലോ മിസിങ് ഉണ്ടാകുന്നതെന്നും വാണി വിശ്വനാഥ് പറഞ്ഞു.

താന്‍ ചെയ്തിരുന്ന അമ്മ റോള്‍ സിനിമയെക്കാള്‍ പ്രധാനപ്പെട്ടതായത് കൊണ്ട് ഒരിക്കലും സിനിമ മിസ് ചെയ്തിട്ടില്ലെന്നും സിനിമ എപ്പോഴും തങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

Content Highlight:  Vani Vishwanath talks about her break from films after marriage

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more