ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ച് രാഷ്ട്രീയ വിവാദം. സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ് സംസ്ഥാന ഗാനമായ തമിഴ് തായ്‌വാഴ്ത്തിനേക്കാള്‍ വന്ദേമാതരത്തിന് പ്രാധാന്യം നല്‍കിയതിന് പിന്നാലെയാണ് സി.പി.ഐയും ഡി.എം.കെയും വിമര്‍ശനവുമായി രംഗത്തെത്തിയത്.
ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗാനങ്ങള്‍ ആലപിച്ച ക്രമമാണ് വിവാദത്തിലായത്. വന്ദേമാതരം ഒന്നാമതായും, ദേശീയ ഗാനമായ ‘ജനഗണമന’ രണ്ടാമതായും ആലപിച്ചപ്പോള്‍, തമിഴ് സംസ്ഥാന ഗാനമായ ‘തമിഴ് തായ്‌വാഴ്ത്ത്’ മൂന്നാമതായാണ് ആലപിച്ചത്.
തമിഴ്നാട്ടിലെ സര്‍ക്കാര്‍ ചടങ്ങുകള്‍ തമിഴ് തായ്‌വാഴ്‌ത്തോടു കൂടി ആരംഭിക്കുകയും ദേശീയ ഗാനത്തോടെ അവസാനിക്കുകയും ചെയ്യുന്നതാണ് കാലങ്ങളായുള്ള കീഴ്‌വഴക്കം. വിജയ് ഇത് തെറ്റിച്ചുവെന്നാണ് വിമര്‍ശനം.
സംസ്ഥാനഗാനത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതില്‍ രൂക്ഷ വിമര്‍ശനമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന്‍ നടത്തിയത്. സി.പി.ഐയുടെ കൂടി പുറത്ത് നിന്നുള്ള പിന്തുണയോടെയാണ് ടി.വി.കെയും വിജയ്‌യും കേവലഭൂരിപക്ഷം നേടി അധികാരമേറ്റത്.
‘തമിഴ് തായ്‌വാഴ്ത്ത് പാട്ടിനെ മൂന്നാം സ്ഥാനത്തേക്ക് തരംതാഴ്ത്തിയതിന് ഉത്തരവാദിയാരെന്ന് തമിഴ്നാട് സര്‍ക്കാര്‍ വിശദീകരിക്കണം.
വന്ദേമാതരത്തെ ദേശീയ ഗീതമായി കണക്കാക്കാന്‍ സാധിക്കില്ല. ഒരു പ്രത്യേക ദേവതാ സങ്കല്‍പത്തിന് സമര്‍പ്പിച്ചിരിക്കുന്ന ആ ഗാനത്തിന് വിഭാഗീയമായ മതസ്വഭാവമാണുള്ളതെന്ന് സ്വാതന്ത്ര്യ സമര കാലത്ത് തന്നെ സ്ഥാപിക്കപ്പെട്ടതാണ്.
തമിഴക വെട്രി കഴകം തമിഴ് ഗാനത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ നടന്നത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കണം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് ഗാനങ്ങളുടെ ക്രമത്തില്‍ ഇത്തരമൊരു മാറ്റം വരുത്തിയതെന്നും ഇത് നിലവിലുള്ള പാരമ്പര്യത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
വന്ദേമാതരം ആലപിച്ച് വിജയ് ബി.ജെ.പിയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും തമിഴ് തായ്‌വാഴ്ത്തിനെ അവഗണിച്ചുവെന്നുമാണ് ഡി.എം.കെ ഹാന്‍ഡിലുകളുടെ വിമര്‍ശനം. ബംഗാളിലെ സത്യപ്രതിജ്ഞയില്‍ പോലും വന്ദേമാതരം ആലപിച്ചിരുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി
എന്നാല്‍, എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയായിരിക്കെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ വന്ദേമാതരം ആലപിച്ചിരുന്നുവെന്നാണ് ടി.വി.കെ ഇതിന് മറുപടി നല്‍കിയത്
ആറ് പതിറ്റാണ്ടിന് ശേഷം ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പ്രസ്ഥാനം തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ചു എന്ന പ്രത്യേകതയോടെയാണ് വിജയ് അധികാരമേറ്റത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, തമിഴ് സിനിമാ താരം തൃഷ കൃഷ്ണന്‍, വിജയ്യുടെ മാതാപിതാക്കളായ ചന്ദ്രശേഖര്‍, ശോഭ ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി ടി.വി.കെയ്ക്ക് ആവശ്യമായിരുന്നു. വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ച് വിജയിച്ചതിനാല്‍ 107 അംഗങ്ങളാണ് ടി.വി.കെയ്ക്ക് ഉണ്ടായിരുന്നത്.
കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കോണ്‍ഗ്രസാണ് ആദ്യം പിന്തുണ പ്രഖ്യാപിച്ചത്. ശേഷം സ്റ്റാലിന്റെ അനുവാദത്തോടെ രാഷ്ട്രപതി ഭരണത്തിന് തടയിടാന്‍ സി.പി.ഐ.എം, സി.പി.ഐ എം.എല്‍.എമാരും ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
തോള്‍ തിരുമാവളവന്റെ വി.സി.കെയ്ക്കൊപ്പം മുസ്ലിം ലീഗും ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക് വഴിയൊരുങ്ങിയത്.
Content Highlight: Vande Mataram was given more importance than Tamil Thaivazhth. CPI and DMK against Vijay