| Wednesday, 12th August 2026, 7:12 am

വന്ദേമാതരം ഇനി ജനഗണമന പോലെ; തുല്യ നിയമ പരിരക്ഷ നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി

നിഷാന. വി.വി

ന്യൂദല്‍ഹി: ദേശീയ ഗീതമായ വന്ദേമാതരത്തിന് ദേശീയ ഗാനമായ ജനഗണമനയ്ക്ക് നല്‍കുന്ന അതേ നിയമ പരിരക്ഷ നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇത് പ്രകാരം വന്ദേമാതരം ആലപിക്കുന്നത് മനപൂര്‍വ്വം തടയുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാവും.

ഇതിന് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മുമ്പ് ജനഗണമനയ്ക്ക് മാത്രമുള്ള നിയമ പരിരക്ഷയായിരുന്നു ഇത്. 2026ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ (ഭേദഗതി) ബില്ല് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ലമെന്റ് പാസാക്കിയത്. 1971 ലായിലായിരുന്നു ഈ നിയമം ഭേദഗതി ചെയ്തത്. രാഷ്ട്രപതി ഒപ്പിടുക കൂടി ചെയ്തതോടെ ഈ ബില്ല് നിയമമായി മാറി.

‘നിലവില്‍ ദേശീയ ഗീതമായി ആദരിക്കപ്പെടുന്ന ‘വന്ദേമാതരം’ ആലപിക്കുന്നതിനെ അധിക്ഷേപിക്കുന്നത് തടയാന്‍ പ്രത്യേക നിയമ വ്യവസ്ഥകളൊന്നുമില്ല. അതിനാല്‍, ദേശീയ ഗീതം ആലപിക്കുന്നത് മനപൂര്‍വം തടയുന്നതോ ആലാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സദസിന് തടസം സൃഷ്ടിക്കുന്നതോ നിരോധിക്കുന്നതിനായി പ്രസ്തുത നിയമത്തിന്റെ സെക്ഷന്‍ 3-ല്‍ ഭേദഗതി വരുത്തി ദേശീയ ഗീതത്തെക്കൂടി ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നു,’ ബില്ലില്‍ പറയുന്നു.

1950 ജനുവരി 24ന് ഭരണഘടനാ അസംബ്ലി പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ്, ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ‘വന്ദേമാതരം’ എന്ന ഗാനം ദേശീയ ഗാനമായ ‘ജനഗണ മന’യ്‌ക്കൊപ്പം തുല്യമായി ആദരിക്കപ്പെടുമെന്നും തുല്യ പദവി ഉണ്ടായിരിക്കുമെന്നും പ്രസ്താവിച്ചിരുന്നതായും ബില്ലില്‍ പറയുന്നു.

ഈ വര്‍ഷം ആദ്യം, ദേശീയ ഗീതവും ദേശീയ ഗാനവും ഒരുമിച്ച് ആലപിക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ വന്ദേമാതര’ത്തിന്റെ ആറ് വരികളും ആദ്യം ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

ജനുവരി 28ലെ ഉത്തരവിലൂടെ ദേശീയ ഗീതം ആലപിക്കുന്നതിനുള്ള ആദ്യത്തെ പ്രോട്ടോക്കോള്‍ മാതൃക ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. രാഷ്ട്രപതിയുടെ ആഗമനം, ദേശീയ പതാക ഉയര്‍ത്തല്‍, ഗവര്‍ണര്‍മാരുടെ പ്രസംഗങ്ങള്‍ തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളില്‍ മൂന്ന് മിനിറ്റും 10 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ആറ് ചരണങ്ങള്‍ ആലപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍, ദേശീയ ഗീതമായിരിക്കും ആദ്യം ആലപിക്കുക എന്നും ഉത്തരവില്‍ പറയുന്നു. സ്വതന്ത്ര്യ ദിനാഘോങ്ങളില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്നും ഉത്തരവിറക്കിയിരുന്നു.

Content Highlight: ‘Vande Mataram’ to be on par with ‘Jana Gana Mana’; President approves bill granting equal legal protection.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more