| Wednesday, 3rd June 2026, 4:48 pm

സതീശന് പിന്നാലെ വന്ദേമാതരം പൂര്‍ണമായി ചൊല്ലി ശിവകുമാറും; രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ

ആദര്‍ശ് എം.കെ.

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ പി.സി.സി അധ്യക്ഷന്‍ കൂടിയായ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

രാജ്യസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കപ്പെട്ടിരുന്നു. ദേശീയഗീതമായി അംഗീകരിക്കപ്പെട്ട ആദ്യ രണ്ട് ഈരടികള്‍ക്ക് പുറമെ ‘ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം’ എന്ന് വരെയുള്ള ഭാഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആലപിക്കപ്പെട്ടിരുന്നു.

വന്ദേമാതരത്തിന് പിന്നാലെ ദേശീയഗാനവും സംസ്ഥാന ഗാനവും ആലപിച്ചു.

നേരത്തെ, കേരള മുഖ്യമന്ത്രിയായുള്ള വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേ മാതരം പൂര്‍ണമായി ആലപിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യവ്യാപകമായി ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികള്‍ക്ക് ശേഷമുള്ള വരികള്‍ ഒരു പ്രത്യേക മതവിഭാഗത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് എന്നതിന്റെ പശ്ചാതലത്തിലാണ് വിഷയം വിവാദമായത്.

വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് കോണ്‍ഗ്രസിന്റെ ദേശീയ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത്.

ഭരണഘടന കൈയിലേന്തിയാണ് ഡി.കെ. ശിവകുമാര്‍ സത്യവാചകം ചൊല്ലിയത്. തന്റെ ആത്മീയ ഗുരുവായ ഗംഗാധര്‍ അജ്ജയുടെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

ശിവകുമാറിന് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ നാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. കൂടാതെ, മുതിര്‍ന്ന നേതാവ് കെ.എച്ച്. മുനിയപ്പയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒരേ വേദി പങ്കിട്ടതും ശ്രദ്ധേയ കാഴ്ചയായി. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി ശിവകുമാര്‍ തന്റെ അമ്മ ഗൗരമ്മയുടെയും വിവിധ മഠാധിപതികളുടെയും അനുഗ്രഹം തേടിയിരുന്നു.

കൂടാതെ, മുതിര്‍ന്ന നേതാക്കളായ ബി.എസ്. യെദ്യൂരപ്പ, എച്ച്.ഡി. ദേവഗൗഡ എന്നിവരെയും അദ്ദേഹം നേരില്‍ കണ്ടിരുന്നു.

എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണമെന്നും കര്‍ണാടകയെ വിജയകരമായി നയിക്കാന്‍ ശിവകുമാറിന് സാധിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശംസിച്ചു. ശിവകുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാജീവ് ശുക്ലയും പറഞ്ഞു.

Content Highlight: Vande Mataram sung in full at DK Shivakumar’s swearing-in ceremony

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more