| Friday, 29th May 2026, 4:19 pm

വന്ദേമാതരം: ഈരടികള്‍ മാത്രം ആലപിച്ചത് പ്രതിപക്ഷ വിജയം; മുഴുവന്‍ പാടിയിരുന്നെങ്കില്‍ പ്രതിഷേധസൂചകമായി ഇരിക്കുമായിരുന്നു: മുഹമ്മദ് റിയാസ്

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികള്‍ മാത്രം അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ഗവര്‍ണറുടെയും ബി.ജെ.പിയുടെയും ആവശ്യം തള്ളിയതിലൂടെ സര്‍ക്കാര്‍ പ്രതിപക്ഷ നിലപാട് ശരിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

വന്ദേമാതരം പൂര്‍ണരൂപത്തിലാണ് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നതെങ്കില്‍, ബഹുമാനസൂചകമായി എഴുന്നേറ്റു നില്‍ക്കാതെ പ്രതിഷേധ സൂചകമായി തങ്ങള്‍ ഇരിക്കുമായിരുന്നുവെന്ന് റിയാസ് വ്യക്തമാക്കി.

വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ആദ്യ രണ്ട് ഈരടികള്‍ക്ക് വേണ്ടി എല്ലാവരും എഴുന്നേറ്റു നിന്നു. എന്നാല്‍ ബാക്കി ഭാഗങ്ങള്‍ കൂടി അവതരിപ്പിക്കാനായിരുന്നു തീരുമാനമെങ്കില്‍ തങ്ങള്‍ ഇരിക്കാന്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം പൂര്‍ണമായി പാടുക എന്നത് ഒരു മതവര്‍ഗീയ പ്രശ്‌നമല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രശ്‌നമാണെന്ന് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിഷയത്തെ മതവര്‍ഗീയ വിഷയമാക്കി മാറ്റി ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ബഹുസ്വര സമൂഹത്തില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നത് യോജിച്ചതല്ലെന്നതാണ് മതനിരപേക്ഷ ഇന്ത്യ സ്വീകരിച്ച നിലപാടെന്ന് റിയാസ് ചൂണ്ടിക്കാട്ടി. വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമല്ലെന്നും മറിച്ച് ഒരു ഔപചാരികത മാത്രമാണെന്നും സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന ഘട്ടത്തില്‍ തന്നെ ഒരു തിരുത്തല്‍ ശക്തിയായി മാറാന്‍ പ്രതിപക്ഷത്തിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് റിയാസ് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ പാടിയത് തെറ്റാണെന്ന് തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വന്ദേമാതരം മുഴുവനായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. രാജ്ഭവന്റെ നിര്‍ദേശം ലംഘിച്ചതായും ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നുമാണ് ഗവര്‍ണറുടെ നിലപാട്.

കേരളാ പൊലീസിന്റെ ബാന്‍ഡ് സംഘം വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികള്‍ മാത്രമാണ് സഭയില്‍ വായിച്ചത്. വിഷയത്തില്‍ സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.

ബി.ജെ.പി നേതാവ് വി. മുരളീധരനും വന്ദേമാതരം പൂര്‍ണരൂപത്തില്‍ പാടാത്തതിനെതിരെ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ജമാഅത്തെ ഇസ് ലാമിക്കും സി.പി.ഐ.എമ്മിനും വഴങ്ങിയെന്ന് ആരോപിച്ചുകൊണ്ടായിരുന്നു മുരളീധരന്റെ വിമര്‍ശനം.

Content Highlight: Vande Mataram: Singing only couplets was the victory of the opposition, says PA Muhammad Riyas

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more