ശ്രീനഗര്‍: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടിനെ ചോദ്യം ചെയ്ത് ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതും ദൗര്‍ഭാഗ്യകരവുമാണെന്ന് ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരീഖ് ഹമീദ് കാര്‍റ പറഞ്ഞു.
വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം.
കോണ്‍ഗ്രസിന്റെ വന്ദേമാതരത്തിലെ നിലപാടിന്റെ പേരില്‍ കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നായിരുന്നു ഉമറിന്റെ ചോദ്യം. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് നേതാവ് മറുപടി നല്‍കി.
‘കേരളത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ആരെങ്കിലും ജയിലില്‍ പോയോ?,’താരിഖ് ചോദിച്ചു. ഈ വിഷയത്തെ കശ്മീരിന്റെ പ്രത്യേക സാഹചര്യങ്ങളുമായി മാത്രം ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ജമ്മു കശ്മീരിലെ സഖ്യകക്ഷികളാണ്. എന്നാല്‍ വന്ദേമാതരം ഉള്‍പ്പെടെയുള്ള ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുകക്ഷികള്‍ക്കുമിടയില്‍ നിലപാട് വ്യത്യാസങ്ങള്‍ നേരത്തെയും പ്രകടമായിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ പരാമര്‍ശത്തോടെ സഖ്യത്തിനുള്ളിലെ രാഷ്ട്രീയ ഭിന്നത വീണ്ടും ചര്‍ച്ചയായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടികളില്‍ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാല്‍ മതിയെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
കേരളത്തില്‍ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുഴുവനായും സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ രണ്ട് ഖണ്ഡികകളും ആലപിക്കുകയെന്നതാണ് നിലപാട്. കൂടാതെ തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ഖണ്ഡികകള്‍ മാത്രമാണ് ആലപിച്ചത്.
Content Highlights: Vande Mataram controversy: Did anyone in Kerala go to jail? Congress targets Omar Abdullah.