| Tuesday, 2nd June 2026, 2:42 pm

വന്ദേമാതരം വിവാദം; വോട്ട്ബാങ്കിനായി കോണ്‍ഗ്രസ് ലീഗിന് മുന്നില്‍ കീഴടങ്ങി: ബി.ജെ.പി

നിഷാന. വി.വി

ന്യൂദല്‍ഹി: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് വീണ്ടും മുസ്‌ലിം ലീഗിന് മുന്നില്‍ കീഴടങ്ങിയെന്ന് ബി.ജെ.പി. കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ ബഹുമതിക്ക് എതിരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

വന്ദേഭാരതത്തിന്റെ പൂര്‍ണ രൂപം ആലപിക്കാതിരുന്നത് മുസ്‌ലിം ലീഗിന് വഴങ്ങിയത് കൊണ്ടാണെന്നും പുനവല്ല പറഞ്ഞു.

‘ യു.ഡി.എഫിന്റെ ഭാഗമായ മുസ്‌ലിം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കോണ്‍ഗ്രസ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്. വന്ദേമാതരത്തിന്റെ മുഴുവനും ആലപിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിനെ എതിര്‍ക്കുക വഴി കോണ്‍ഗ്രസ് ദേശീയ മര്യാദകളെയും ആദരവിനെയും അപമാനിക്കുകയാണ്,’ ദേശീയ വക്താവ് പറഞ്ഞു.

മുന്‍കാലങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്റു വന്ദേമാതരത്തെ രണ്ട് വരികളായി ചുരുക്കിയതും ജിന്നയുടെയും മുസ്ലിം ലീഗിന്റെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നു എന്ന് പൂനാവാല ആരോപിച്ചു.

അന്ന് നെഹ്റു ചെയ്തത് തന്നെയാണ് ഇന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതെന്നും തീവ്രവാദികളെയും നക്‌സലൈറ്റുകളെയും പുകഴ്ത്തുന്നതിലും ഹമാസിനും ജമാഅത്തിനും വേദിയൊരുക്കുന്നതിലും കോണ്‍ഗ്രസിന് യാതൊരു ‘അടിച്ചേല്‍പ്പിക്കലും’ തോന്നുന്നില്ലെന്നും, എന്നാല്‍ ദേശീയ ഗീതം ആലപിക്കുമ്പോള്‍ മാത്രം അവര്‍ക്ക് അത് അടിച്ചേല്‍പ്പിക്കലായി തോന്നുന്നുവെന്നും ബി.ജെ.പി വക്താവ് പരിഹസിച്ചു.

കേരളത്തില്‍ ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിലും ഒടുക്കത്തിലും വന്ദേമാതരത്തിന്റെ അഞ്ച് വരികളും പൂര്‍ണമായി ആലപിക്കേണ്ടതിന്റെ ആവശ്യകതയെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ ചോദ്യം ചെയ്തിരുന്നു. ഇത് ഒരു ‘അനാവശ്യമായ അടിച്ചേല്‍പ്പിക്കലാണെന്നായിരുന്നു ശശി തരൂര്‍ വിശേഷിപ്പിച്ചത്. പിന്നാലെയാണ് ബി.ജെ.പി വക്താവിന്റെ വിമര്‍ശനം.

Content Highlight: Vande Mataram controversy; Congress surrendered to League for vote bank: BJP

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more