പാലക്കാട്: എറണാകുളം-ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രക്ക് പാലക്കാട് ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. പരിപാടിക്ക് രാഹുലെത്തിയതോടെ ബി.ജെ.പി നേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സി. കൃഷ്ണകുമാറും മറ്റ് ബി.ജെ.പി പ്രവര്‍ത്തകരുമാണ് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത്.
ഇന്ന് രാവിലെ എറണാകുളത്ത് നിന്നാണ് കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. വലിയ ആഘോഷത്തോടെയായിരുന്നു ഉദ്ഘാടന യാത്ര സംഘടിപ്പിച്ചത്.
പാലക്കാട് ഡിവിഷന് അധികൃതരാണ് പാലക്കാട് സ്റ്റേഷനില്‍ വന്ദേഭാരതിന് സ്വീകരണം ഒരുക്കിയത്. രാഹുലിന് പ്രത്യേക ക്ഷണമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ചടങ്ങിലേക്ക് രാഹുലും അനുനായികളും എത്തുകയായിരുന്നു. ഇതാണ് ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞദിവസം സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ സ്ഥലം എം.എല്‍.എയായ രാഹുല്‍ മാങ്കൂട്ടത്തിലിനോടൊപ്പം മന്ത്രിമാരായ വി. ശിവന്‍കുട്ടിയും എം.ബി രാജേഷും വേദി പങ്കിട്ടിരുന്നു.
ചടങ്ങില്‍ രാഹുലെത്തിയതോടെ പാലക്കാട് നഗരസഭാ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയിരുന്നു.
സി.പി.ഐ.എം നേതാക്കള്‍ ലൈംഗികാരോപണം നേരിടുന്ന രാഹുലിനൊപ്പം വേദി പങ്കിട്ടത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍, രാഹുലിനൊപ്പം വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് പ്രതികരിച്ച് മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തിയിട്ടുണ്ട്.
പാലക്കാട് എം.എല്‍.എയായ രാഹുല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തയാണ്. അയോഗ്യനല്ല. അദ്ദേഹത്തെ ചടങ്ങില്‍ നിന്നും ഇറക്കിവിടാനാകില്ലല്ലോ.
അത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ടയാളല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിഷയത്തില്‍ വിയോജിപ്പുണ്ട്, അക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തെ തടയില്ലെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്.
വികസനപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്നും അദ്ദേഹത്തെ തടയില്ലെന്നും ഒരു നല്ല കാര്യമാണല്ലോ നടക്കുന്നത് അത് അലങ്കോലമാക്കണ്ടല്ലോ,’ മന്ത്രി പറഞ്ഞു.
Content Highlight: Vande Bharat reception in Palakkad; Rahul arrives at the function ; BJP leaders boycott