| Friday, 20th February 2026, 10:47 am

വണ്ടാനം മെഡിക്കല്‍ കോളേജ് സംഭവം; ഡോക്ടറുടെ നിലപാട് തൊഴിലിനോടുള്ള അനാദരവ്: വീണാ ജോര്‍ജ്

നിഷാന. വി.വി

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക മറന്നുവെച്ചെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ട് ഡി.എം.ഇയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വളരെ വേദനയുണ്ടാക്കുന്ന സംഭവമാണിതെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ വിഷയം അന്വേഷിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ടെന്നും എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അതില്‍ ഒരു ദാക്ഷിണ്യവുമുണ്ടാവില്ലെന്നും റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള റിട്ടയേര്‍ഡ് ആയവര്‍ ആരൊക്കെയെന്നും സര്‍വ്വീസില്‍ ആരെങ്കിലും ഉണ്ടോയെന്നും പരിശോധിക്കും. വിഷയത്തില്‍ ഉള്‍പ്പെട്ട സര്‍വ്വീസില്‍ ഉള്ള ആളുകളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.

ഉഷാ ജോസഫിന്റെ മകനുമായി സംസാരിച്ചിട്ടുണ്ടെന്നും പല തവണ ഡോക്ടറെ വീട്ടില്‍ പോയി കണ്ടതായി മകന്‍ പറഞ്ഞതായും വീണാ ജോര്‍ജ് പറഞ്ഞു. അക്കാര്യങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി അന്വേഷിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള ദാക്ഷിണ്യവുമുണ്ടാവില്ലെന്നും അത് ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു

സ്‌ക്രബ് നഴ്‌സ് ഇല്ലാതെ ഒരു ശസ്തക്രിയയും നടക്കില്ലെന്നും ഡോക്ടറും സ്‌ക്രബ് നഴ്‌സും വിഷയത്തില്‍ ഉത്തരവാദികളാണെന്നും നഴ്‌സ് ഇല്ലാതെയാണ് നടത്തിയതെങ്കില്‍ അതിനെതിരെയും അന്വേഷണം നടത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കേസ് ചെയ്തിട്ടില്ലെന്ന് പറയുന്ന ഡോക്ടറുടെ നിലപാട് വിശ്വസനീയമല്ലെന്നും കൂടുംബം പറയുന്നതാണ് താന്‍ വിശ്വസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസുകളാണെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യു.ഡി. എഫ് കാലാത്താണെങ്കിലും എല്‍.ഡി.എഫ് കാലത്താണെങ്കിലും ജനങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാവുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ കുറ്റരോപിതയായ ഡോക്ടര്‍ ലളിതാംബികയുടെ നിലപാട് തള്ളിയ മന്ത്രി, പ്രശ്‌നങ്ങളെ നിസാരവത്ക്കരിക്കാന്‍ കഴിയില്ലെന്നും തൊഴിലിനോടുള്ള അനാദരവും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ് ഇതെന്നും പറഞ്ഞു. അവര്‍ക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെങ്കില്‍ ഇങ്ങനെ നിസാരവത്ക്കരിക്കുമോയെന്നും മന്ത്രി ചോദിച്ചു.

ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

Content Highlight: Vandanam Medical College incident; Doctor’s stance disrespectful to profession: Veena George

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more