| Tuesday, 9th June 2026, 2:00 pm

ഇസ്രഈലിന് ഇഷ്ടപ്പെട്ടേക്കാം, ഇഷ്ടപ്പെടാതിരിക്കാം അത് വിഷയമല്ല; ഇറാന്‍ ആണവ കരാറുമായി അമേരിക്ക മുന്നോട്ട്: ജെ.ഡി. വാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈലിന്റെ നിലപാടുകള്‍ പരിഗണിക്കാതെ തന്നെ ഇറാനുമായുള്ള ആണവ കരാറുമായി അമേരിക്ക മുന്നോട്ട് പോകുമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു ക്രമീകരണമാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും വാന്‍ പറ#്ഞു. ഫോക്‌സ് ന്യൂസിലെ ‘ജെ.സി വാട്ടേഴ്‌സ് പ്രൈംടൈം’ എന്ന പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലാണ് വാന്‍സ് അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.

നയതന്ത്രമാണ് അമേരിക്കയ്ക്ക് എപ്പോഴും താല്പര്യമുള്ള പാതയെന്ന് വ്യക്തമാക്കിയ വാന്‍സ്, ഈ നീക്കത്തെ ഇസ്രഈല്‍ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് വാഷിങ്ടണിനെ ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘ഇസ്രഈലിന് അത് ഇഷ്ടപ്പെട്ടേക്കാം, ഇല്ലാതിരക്കാം, പക്ഷേ അടിസ്ഥാനപരമായി ഇത് അമേരിക്കന്‍ ഐക്യനാടുകളുടെ താത്പര്യത്തെ മുന്‍നിര്‍ത്തിയെടുക്കുന്ന തീരുമാനമാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഈ കരാറുമായി മുന്നോട്ട് പോകും. കാരണം, അമേരിക്കന്‍ ജനതയെ ശരിയായി സേവിക്കുന്നതിനാണ് അവര്‍ ഒരു പ്രസിഡന്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്,’ വാന്‍സ് പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലും പ്രത്യേകിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായും സംഭവിച്ച കാര്യങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാന്റെ ആണവ കരാറിന് ഒരു ദീര്‍ഘകാല പരിഹാരം കണ്ടെത്താന്‍ കഴിയുന്ന ആവശ്യമായ സാഹചര്യം പ്രസിഡന്റ് ട്രംപ് സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനുമായുള്ള ഭാവിയിലെ ഏതൊരു കരാറിന്റെയും വിജയം കേവലം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതാവില്ലെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. നയതന്ത്ര ഉറപ്പുകളേക്കാള്‍ അളക്കാവുന്ന ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം കരാര്‍ വിലയിരുത്തേണ്ടത്. കാലക്രമേണ ടെഹ്‌റാന്‍ കരാര്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള വാഷിങ്ടണിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വിജയം.

ഈ ചര്‍ച്ചകളില്‍ ആരും ‘നല്ല വിശ്വാസത്തോടെ’ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ വാന്‍സ്, പ്രസിഡന്റിന്റെ ദൗത്യം പൂര്‍ണ്ണമായി നിറവേറ്റുക എന്ന മനോഭാവത്തോടെയാണ് യു.എസ് ഇതില്‍ പങ്കാളികളാകുന്നത് എന്നും വ്യക്തമാക്കി.

കരാറിലെത്തിയാല്‍ ഇറാനികള്‍ അവരുടെ ഭാഗം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്ക നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും.

ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കിടയില്‍, മധ്യസ്ഥര്‍ വഴിയുള്ള ചര്‍ച്ചകള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്കിടയിലും ആശയവിനിമയ മാര്‍ഗങ്ങള്‍ സജീവമാണെന്നും ഇറാന്‍ ചര്‍ച്ചകളില്‍ ഇടപെടാനുള്ള സന്നദ്ധത കാണിക്കുന്നുണ്ടെന്നും വാന്‍സ് സൂചിപ്പിച്ചു.

ഇറാനികള്‍ ഈ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് അവരുടെ താല്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും വാന്‍സ് പറഞ്ഞു. ചില യഥാര്‍ത്ഥ നിര്‍ദേശങ്ങള്‍ മേശപ്പുറത്ത് വെച്ചുകൊണ്ടാണ് അവര്‍ ചര്‍ച്ചയ്ക്ക് വരുന്നത്. അമേരിക്കന്‍ തന്ത്രപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കൂടുതല്‍ വലിയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും നയതന്ത്രമാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീക്ഷണമാണ് ഞാനും ആവര്‍ത്തിക്കുന്നത്.

ഈ കരാറിലേക്ക് എത്താന്‍ കഴിഞ്ഞാല്‍ അത് അമേരിക്കന്‍ ജനതയ്ക്ക് ഒരു വലിയ വിജയമായിരിക്കും. അതേസമയം, വാഷിങ്ടണും ടെല്‍ അവീവും എപ്പോഴും ഒരേ ലക്ഷ്യങ്ങള്‍ പങ്കിടണമെന്നില്ലെന്നും വാന്‍സ് സമ്മതിച്ചു.

ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കരുതെന്ന് ഞായറാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രഈലിനോട് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ ആവശ്യം ഇസ്രഈല്‍ പൂര്‍ണമായി അവഗണിക്കുകയാണുണ്ടായത്. ഇതിന് പിന്നാലെയാണ് ഇസ്രഈലിന്റെ നിലപാട് നോക്കാതെ കരാറുമായി മുന്നോട്ട് പോകുമെന്ന വാന്‍സിന്റെ പ്രസ്താവന വരുന്നത്.

തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നിലനില്‍ക്കുമ്പോഴും ഞായറാഴ്ച ഇസ്രാഈല്‍ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കടുത്ത ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ഇറാന്‍ വടക്കന്‍ ഇസ്രഈലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചു. തുടര്‍ന്ന് ഇസ്രഈല്‍ ഇറാനെതിരെ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തുകയും, ഇറാന്‍ കൂടുതല്‍ മിസൈലുകള്‍ വിക്ഷേപിച്ച് അതിനോട് പ്രതികരിക്കുകയും ചെയ്തതോടെ മേഖല വീണ്ടും യുദ്ധഭീതിയിലായി.

തിങ്കളാഴ്ച രാവിലെ ഇസ്രഈലിനെതിരായ ആക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുകയാണെന്ന് ഇറാന്‍ സൈന്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലെബനനെതിരെയുള്ള ആക്രമണം തുടര്‍ന്നാല്‍ പ്രതികരണമുണ്ടാകുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിട്ടുണ്ട്.

Content Highlight: Vance says US to pursue Iran nuclear deal regardless of Israel’s position

We use cookies to give you the best possible experience. Learn more