| Friday, 7th July 2023, 1:30 pm

മെസി റോണോ ഫാന്‍ ഡിബേറ്റില്‍ ഇഷ്ടതാരത്തെ കുറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യത്തിനോടുള്ള തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരം വാന്‍ നിസ്റ്റല്‍ റൂയി. ഇതുതാരങ്ങളില്‍ ക്രിസ്റ്റ്യാനോയെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗാരി നെവിലിന് നല്‍കിയ അഭിമുഖത്തിലാണ് ഡച്ച് ക്ലബ്ബായ പി.എസ്. വി എയ്‌ന്തോവന്റെ പരിശീലകന്‍ കൂടിയായ വാന്‍ നിസ്റ്റല്‍ റൂയി ഇക്കാര്യം തുറന്നുപറഞ്ഞത്.

‘മെസിയോ റൊണാള്‍ഡോയോ മികച്ച താരം എന്ന് ചോദിച്ചാല്‍ ഞാന്‍ റൊണാള്‍ഡോയെയാണ് തെരഞ്ഞെടുക്കുക.
കാരണം അദ്ദേഹത്തിനോടൊപ്പം ഞാന്‍ കളിച്ചിട്ടിട്ടുണ്ട്,’ വാന്‍ നിസ്റ്റല്‍റൂയി പറഞ്ഞു.

റൊണാള്‍ഡോക്കൊപ്പം മൂന്ന് സീസണുകളിലാണ് വാന്‍ നിസ്റ്റല്‍ റൂയി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചത്. ഇരുവരും ഒരുമിച്ച് കളിച്ച കാലഘട്ടത്തില്‍ റോണോ 52 ഗോളുകളും നിസ്റ്റല്‍ റൂയി 70 ഗോളുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ ഇരു താരങ്ങളും ഒന്നിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 2004ലെ എഫ്.എ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, മെസിയോ റൊണാള്‍ഡോയോ ആരാണ് മികച്ചത് എന്നത് ഇന്നേവരെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണ്. ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 701 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 695 ഗോളുകളാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍. 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Van Nistelrooy praises Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more