| Tuesday, 25th February 2020, 6:29 pm

എം.ടി രമേശിനെയും ശോഭാ സുരേന്ദ്രനെയും കുമ്മനത്തെയും ഒഴിവാക്കിയേക്കും; വത്സന്‍ തില്ലങ്കേരി നേതൃനിരയിലേക്ക് വരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി കെ. സുരേന്ദ്രനെ തെരഞ്ഞെടുത്തതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച എം.ടി രമേശിനോടും ശോഭാ സുരേന്ദ്രനോടും കുമ്മനം രാജശേഖരനോടും എ.എന്‍ രാധാകൃഷ്‌നോടും അനുരഞ്ജനപ്പെടേണ്ടതില്ലെന്ന തീരുമാനത്തില്‍ കേന്ദ്ര നേതൃത്വം. ഇവര്‍ക്ക് പകരം ആര്‍.എസ്.എസില്‍ നിന്നുള്ള നേതാക്കളെയും ജില്ലകളില്‍ നിന്നുള്ള നേതാക്കളെയും സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരാനുമാണ് തീരുമാനം.

സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി സംഘടനാ തലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം കെ. സുരേന്ദ്രനെ തെരഞ്ഞെടുത്തെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും തീരുമാനത്തോട് താല്‍പര്യമില്ല. സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പല നേതാക്കളും പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് സംസ്ഥാന അദ്ധ്യക്ഷനായി സുരേന്ദ്രന്‍ സ്ഥാനമേറ്റെടുത്തത്. ഈ യോഗത്തില്‍ കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തില്ല. സുരേന്ദ്രന് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ എം.ടി രമേശ് പങ്കെടുത്തുവെങ്കിലും യോഗത്തിനെത്തിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.എസ്.എസില്‍ നിന്ന് വത്സന്‍ തില്ലങ്കേരിയെയും സി.സദാനന്ദന്‍ മാസ്റ്ററെയുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കുക. ബി.ജെ.പിയില്‍ നിന്ന് എം.എസ് കുമാറിനെയും സി. കൃഷ്ണകുമാറിനെയും ജനറല്‍ സെക്രട്ടറിമാരാക്കും.

ആര്‍.എസ്.എസ് പ്രാന്തിയ വിദ്യാര്‍ത്ഥി പ്രമുഖ് ആണ് നിലവില്‍ വത്സന്‍ തില്ലങ്കേരി. കണ്ണൂര്‍ ജില്ലയിലെ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ പലപ്പോഴും ആരോപണ വിധേയനായിട്ടുള്ള വ്യക്തിയാണ് വത്സന്‍ തില്ലങ്കേരി.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.എസ് നിര്‍ദ്ദേശ പ്രകാരം നിര്‍വഹണച്ചുമതല വഹിച്ചത് വത്സന്‍ തില്ലങ്കേരി ആയിരുന്നു. സദാനന്ദന്‍ മാസ്റ്റര്‍
ദേശീയ അധ്യാപക പരിഷത് സംസ്ഥാന അധ്യക്ഷനും ആര്‍.എസ്.എസ് പ്രാന്തീയ കാര്യകാരീ സദസ്യനുമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാലക്കാട് ജില്ലയില്‍ നിന്ന് സി. കൃഷ്ണകുമാറിനെ തെരഞ്ഞെടുക്കുന്നതും വിമതര്‍ക്കുള്ള മറുപടിയാണ്.ജില്ലയിലെ കരുത്തനായ കൃഷ്ണകുമാറിനെ ജനറല്‍ സെക്രട്ടറിയാക്കുന്നതോടെ ശോഭ സുരേന്ദ്രന്റെ സ്വാധീനം സംഘടനക്കകത്ത് കുറയുമെന്നാണ് നേതൃത്വം കാണുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more