| Wednesday, 28th May 2025, 12:48 pm

വലിയതുറയുടെ സ്വർണമത്സ്യം വിടവാങ്ങി; ഓസ്റ്റിൻ റെക്സിന്റെ പതിമൂന്നാം നമ്പർ ഇനി ഓർമ്മ

എം.എം.ജാഫർ ഖാൻ

കോഴിക്കോട്ടെ നാഗ്ജി ഫുട്ബോൾ. ഒരു കാലത്ത് ഇന്ത്യയിലെ വമ്പൻ ക്ലബുകൾ പോലും എൻട്രിക്കായി സംഘാടകരുടെ കാല് പിടിച്ചിരുന്ന ടൂർണമെന്റ്. വാശിപ്പുറത്തുള്ള മത്സരങ്ങൾ. ഗ്യാലറി നിറയെ കാണികൾ. 75 വർഷത്തെ ആവേശക്കഥകൾ പറയാനുണ്ട് ഈ ‘തെക്കിന്റെ ഡ്യൂറണ്ടി’ന്.

ചെങ്കാസിയും മൂസയും പി.കെ ബാനർജി, ചുനിഗോ സ്വാമി, ബലറാം ത്രയങ്ങളും മഖൻ, ജർണയിൽ, പർമീന്ദർ സിങ്ങുമാർ തൊട്ട് വിജയനും സത്യനും ബൂട്ടിയയും വരെയുള്ള പലതലമുറ പൊരുതിയ പോർക്കളം.

ഓസ്റ്റിൻ റെക്സ് പഴയകാല ചിത്രം

കൊൽക്കത്ത ത്രിമൂർത്തികളും സൽഗോക്കാർ, വാസ്‌കോ ഗോവക്കാരും എം.ആർ.സി, എം.ഇ.ജി, ഇ.എം.ഇ, പഞ്ചാബ് പൊലീസ്, ആർ.എസി ബിക്കാനീർ തുടങ്ങിയ പട്ടാള/പൊലീസ് ടീമുകളും കറാച്ചി കിക്കേഴ്സ് പോലെയുള്ള വിദേശ ക്ലബുകളും വിജയക്കൊടിയുയർത്തിയ ഈ ടൂർണമെന്റിൽ ഒരേയൊരു കേരള സംഘം മാത്രമേ കപ്പ് നേടിയിട്ടുള്ളു.

അത് അലിൻഡ് കുണ്ടറയാണ്!

ബോംബെ മഫത്തലാലിനെതിരെ കുണ്ടറ അലിൻഡിനു വേണ്ടി നേടിയ അത്യുഗ്രനൊരു ഗോളിനെക്കുറിച്ച് ഓർത്തിരുന്ന മദ്രാസിലെ ഒരു വൃദ്ധന്റെ സ്നേഹപ്രകടനവും കണ്ണൂരിൽ വെച്ച് അടുത്ത കാലത്ത് തന്നെ തിരിച്ചറിഞ്ഞ കുറേ ആരാധകരുടെ ക്ഷേമാന്വേഷണങ്ങളുമാണ് മറ്റെന്തിനെക്കാളും വലിയ അംഗീകാരങ്ങളായി ഓസ്റ്റിൻ റെക്‌സ് കരുതിയിരുന്നത്.

1967ലാണ് ഇന്നും തിരുത്തിക്കുറിച്ചിട്ടില്ലാത്ത ആ ചരിത്ര നേട്ടം. ഒളിമ്പ്യൻ താരങ്ങൾ അണിനിരന്ന ആന്ധ്രാ ഇലവനെ ഫൈനലിൽ നാല് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു കപ്പെടുപ്പ്. മലപ്പുറം മൊയ്‌തീൻ കുട്ടി, ഓസ്റ്റിൻ റെക്സ്, ചെറിയാൻ, ഹരിദാസ്, എന്നിവരായിരുന്നു ടീമിന്റെ മുന്നേറ്റം നയിച്ചത്. സെമിയിൽ അലിൻഡ് വീഴ്ത്തിയത് ഇ.എ.ഇ സെക്കന്തരബാദിനെ.

ശിവദാസ് നായകനായ സംഘത്തിൽ ഗോൾ കീപ്പർ ജോർജ്, ഇന്ദ്രപാലൻ നായർ, മാധവൻ നായർ, ഹനീഫ, രാമകൃഷ്ണൻ, വിനയൻ, ഗോപാലകൃഷ്ണൻ തുടങ്ങിയവരും ഉൾപ്പെട്ടിരുന്നു.

ആ ഗോൾഡൻ ടീമിലെ അവസാന കണ്ണിയായ തിരുവനന്തപുരം വലിയതുറ സ്വദേശി ഓസ്റ്റിൻ റെക്സ് ഇന്നലെ നിര്യാതനായി.

സേട്ട് നാഗ്ജി കപ്പുമായി ഓസ്റ്റിൻ റെക്സിൻ

ടാലന്റുകളെ പിടിക്കാൻ ഇറങ്ങുന്നവർക്ക് ഇന്ന് വലനിറയെ മുന്തിയ ഫുട്ബോൾ താരങ്ങളെ കിട്ടും തിരുവനന്തപുരത്തിന്റെ തീരദേശങ്ങളിൽ. അവിടെ നിന്ന് ഫുട്ബോൾ കളത്തിലേക്ക് ഉയർന്നു ചാടിയ ആദ്യ സ്വർണ മത്സ്യമായിരുന്നു ഓസ്റ്റിൻ റെക്സ് എന്ന മുന്നേറ്റനിരക്കാരൻ. വലിയതുറ കടപ്പുറത്തെ കാല്‍ പുതഞ്ഞു പോകുന്ന മണലില്‍ കുതിച്ചു പാഞ്ഞാണ്‌ റെക്സ് കളി പഠിച്ചത്‌. ആ കരുത്ത് ഇന്ത്യയിലെ മറ്റു മൺ/പുൽ കോർട്ടുകൾ അയാൾക്ക്‌ ‘ഈസി’ ഭൂമികളാക്കി.

ഓസ്റ്റിൻ റെക്സ്

പന്ത്രണ്ടാം വയസിൽ സെന്റ് റോച്ചസ് കോൺവെന്റിൽ പന്തുരുട്ടി തുടങ്ങിയതാണ് റെക്സ്. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലൂടെ പേട്ട യങ്സ്റ്റേഴ്സ് ക്ലബിൽ എത്തിയതോടെ ആ വേഗക്കാരന്റെ ഗോൾവേട്ട നാടറിഞ്ഞു.

1957 ൽ മഹാരാഷ്ട്ര സ്പെഷ്യൽ പൊലീസിൽ ചേർന്നെങ്കിലും ഒരു വർഷത്തിനകം നാട്ടിലേക്ക് മടക്കം. പിന്നീട് അന്നത്തെ പ്രശസ്ത ടീമുകളിൽ ഒന്നായ ട്രാൻസ്‌പോർട്ടിൽ. നാല് വർഷത്തിന് ശേഷം അലിൻഡ് കുണ്ടറയിൽ ചേരുമ്പോൾ റെക്സ് കേരളത്തിൽ ഏറെ ആരാധക വൃന്ദമുള്ള കളിക്കാരനായി മാറിയിരുന്നു.

ഓസ്റ്റിൻ റെക്സ് കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുത്ത ചിത്രം

മുന്നേറ്റനിരയിൽ മലപ്പുറം മൊയ്‌തീൻ കുട്ടി, ചെറിയാൻ, ഹരിദാസ് എന്നിവർക്കൊപ്പം റെക്സും ചേർന്നതോടെ കൊല്ലം ടീം കിരീടങ്ങൾ വാരിയെടുക്കാൻ തുടങ്ങി. ചാക്കോള, നാഗ്ജി, കേരള ട്രോഫി, ടി.എഫ്.എ ഷീൽഡ് ഉൾപ്പടെയുള്ളവയെല്ലാം അലിൻഡിന്റെ ഷോക്കേസിലെത്തി.

ആറ് തവണ സന്തോഷ് ട്രോഫിയിലും അഞ്ച് തവണ പെന്റാഗുലർ ട്രോഫിയിലും കേരളത്തിന്റെ ജഴ്സിയണിഞ്ഞു. 1961ൽ കോഴിക്കോട് വെച്ച് കേരള സന്തോഷ് ട്രോഫിയിൽ മൂന്നാം സ്ഥാനം നേടുമ്പോഴും റെക്സ് ടീമിലുണ്ട്.

തൊണ്ണൂറാം വയസിൽ റെക്സ് നിര്യാതനാവുമ്പോൾ കേരള ഫുട്ബോളിലെ ഏറ്റവും സീനിയറായ താരങ്ങളിൽ ഒരാളാണ് ഓർമ്മയാവുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ വേട്ടയാടിയപ്പോഴും അവസാനകാലം വരെ റെക്സ് നിരന്തരം ഫുട്ബോൾ മൈതാനങ്ങളിൽ എത്തി. കളിക്കാരന് മൈതാനമില്ലാത്ത ജീവിതമുണ്ടോ?

ബോംബെ മഫത്തലാലിനെതിരെ കുണ്ടറ അലിൻഡിനു വേണ്ടി നേടിയ അത്യുഗ്രനൊരു ഗോളിനെക്കുറിച്ച് ഓർത്തിരുന്ന മദ്രാസിലെ ഒരു വൃദ്ധന്റെ സ്നേഹപ്രകടനവും കണ്ണൂരിൽ വെച്ച് അടുത്ത കാലത്ത് തന്നെ തിരിച്ചറിഞ്ഞ കുറേ ആരാധകരുടെ ക്ഷേമാന്വേഷണങ്ങളുമാണ് മറ്റെന്തിനെക്കാളും വലിയ അംഗീകാരങ്ങളായി ഓസ്റ്റിൻ റെക്‌സ് കരുതിയിരുന്നത്.

Content Highlight: Valiyathura’s goldfish has passed away; Austin Rex’s number 13 is now remembered

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more