| Friday, 30th January 2026, 4:08 pm

ത്രില്ലില്ലാത്ത ത്രില്ലര്‍, രണ്ട് വശത്തും ഒന്നുമില്ലാത്ത കള്ളന്‍

അമര്‍നാഥ് എം.

ദൃശ്യം, മെമ്മറീസ് എന്നീ സിനിമകള്‍ കൊണ്ട് മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചയാളാണ് ജീത്തു ജോസഫ്. മലയാളത്തില്‍ ഏത് ത്രില്ലറിറങ്ങിയാലും ദൃശ്യം ലെവലുണ്ടാകുമോ എന്ന ചോദ്യമാണ് ഇന്നും. ജീത്തു ജോസഫിന് പോലും ദൃശ്യം ഒരു ബാധ്യതയായി എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് വലതുവശത്തെ കള്ളന്‍.

വലതുവശത്തെ കള്ളന്‍ Photo: Theatrical poster

ഡിനു തോമസ് ഈലാന്റെ കഥ ഗംഭീരമായിരുന്നെങ്കിലും ഒരുപാട് ലൂപ്പ്‌ഹോളുകളും അതിനെക്കാള്‍ കൂടുതല്‍ ലോജിക്കില്ലായ്മയുമുള്ള തിരക്കഥയാണ് ചിത്രത്തിന്റേത്. എത്ര നല്ല കഥയാണെങ്കിലും സീരിയല്‍ ലെവല്‍ മേക്കിങ് വിട്ടുകളിക്കാത്ത ജീത്തു തന്നാലാകും വിധം ചിത്രത്തെ പ്രെഡിക്ടബിളാക്കി. ഒരിടത്തുപോലും ത്രില്ലടിപ്പിക്കാത്ത ത്രില്ലറായി വലതുവശത്തെ കള്ളനെ വിശേഷിപ്പിക്കാം.

എല്ലാ കേസുകളും പണം വാങ്ങി ഒതുക്കുന്ന ആന്റണി സേവ്യര്‍ എന്ന പൊലീസ് ഓഫീസറുടെയും അയാളോട് പ്രതികാരം ചെയ്യുന്ന സാമുവല്‍ എന്ന കുടുംബനാഥന്റെയും കഥയാണ് ചിത്രം പറയുന്നത്. ആദ്യപകുതി കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ മോട്ടുമുയലിന് വഴി കാണിക്കുക എന്ന മോഡിലേക്ക് കഥ പോകുന്നുണ്ട്.

സ്‌ക്രീനില്‍ കാണുന്ന എല്ലാ കാര്യങ്ങളും സ്പൂണ്‍ഫീഡ് ചെയ്യാന്‍ വേണ്ടി ഇടക്കിടെ വരുന്ന കഥാപാത്രങ്ങളും ക്ഷമ പരീക്ഷിക്കുന്നു. ആദ്യപകുതിയില്‍ കഥയുമായി കണക്ടാകാതെ പോയപ്പോള്‍ രണ്ടാം പകുതി കഥാപാത്രങ്ങളുമായും കണക്ടാകാതെ വന്നു. എന്നിരുന്നാലും മോശം പാരന്റിങ് എങ്ങനെയെല്ലാം കുട്ടികളെ ബാധിക്കുമെന്ന് ചിത്രം പറയുന്നുണ്ട്. അത് മാത്രമാണ് സിനിമയുടെ ഒരേയൊരു പോസിറ്റീവ്.

ജോജു ജോര്‍ജ്, ബിജു മേനോന്‍… രണ്ട് ഗംഭീര പെര്‍ഫോര്‍മാരെ കൈയില്‍ കിട്ടിയിട്ടും അവരെക്കൊണ്ട് ഒന്നും ചെയ്യിക്കാന്‍ സംവിധായകന് സാധിച്ചിട്ടില്ല. ഒരുപാട് പെര്‍ഫോമന്‍സുകള്‍ക്ക് സാധ്യതയുണ്ടായിരുന്ന ജോജുവിന്റെ സാമുവല്‍ എന്ന കഥാപാത്രത്തിന് സക്രീന്‍ സ്‌പെയ്‌സ് കുറവായിരുന്നു. എന്നാല്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് കൂടുതലുള്ള ബിജു മേനോനാകട്ടെ അധികം പെര്‍ഫോം ചെയ്യാന്‍ സാധിച്ചതുമില്ല.

ബിജു മേനോന്‍ Photo: Screen grab/ Goodwill Entertainments

ലെന, ലിയോണ ലിഷോയ്, ഇര്‍ഷാദ് അലി, ഷാജു ശ്രീധര്‍, ഗോകുല്‍ കെ.ആര്‍ എന്നിങ്ങനെ മികച്ച അഭിനേതാക്കളുടെ നീണ്ടനിര ഉണ്ടായിരുന്നിട്ടും അവര്‍ക്കൊന്നും കഥയില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സര്‍ജനായെത്തിയ ശാന്തി മായാദേവി ‘ഇത്രയും ബ്രൂട്ടലായിട്ടുള്ള ഒരു കൊലപാതകം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല’ എന്ന ക്ലീഷേ ഡയലോഗ് മാത്രം പറയാനായി വന്നതും എടുത്തുപറയേണ്ടതാണ്.

വിഷ്ണു ശ്യാമിന്റെ ബി.ജി.എം എടുത്തുപറയേണ്ട ഒന്നാണ്. ചെറുതായിട്ടെങ്കിലും ഇമോഷണലി കണക്ടാക്കാന്‍ വിഷ്ണുവിന്റെ സംഗീതം സഹായിച്ചു. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ഒരുപരിധി വരെ ചിത്രത്തെ ലിഫ്റ്റ് ചെയ്തു. തുടക്കത്തിലെ സിംഗിള്‍ ഷോട്ട് സീന്‍ അതിഗംഭീരമായിരുന്നു. നല്ലവണ്ണം വലിച്ചുനീട്ടിയ കഥ വെട്ടിച്ചുരുക്കാമായിരുന്നു.

ജോജു ജോര്‍ജ് Photo: Screen grab/ Goodwill Entertainments

ഇന്‍ഡസ്ട്രി മുഴുവന്‍ ഉറ്റുനോക്കുന്ന ദൃശ്യം 3യുടെ ഹൈപ്പ് കുറക്കാന്‍ വേണ്ടി ജീത്തു ജോസഫ് മനപൂര്‍വം ശ്രമിക്കുകയാണോ എന്ന് മിറാഷും വലുതവശത്തെ കള്ളനും കാണുമ്പോള്‍ തോന്നിപ്പോകും. രണ്ട് സിനിമകളും കണ്ടുകഴിയുമ്പോള്‍ ജോര്‍ജുകുട്ടിയെയും കുടുംബത്തെയും കാത്തോളണേ എന്ന് മാത്രമേ പറയാനുള്ളൂ. ത്രില്ലടിപ്പിക്കാത്ത ത്രില്ലറുകളുടെ ലിസ്റ്റില്‍ വലതുവശത്തെ കള്ളനും ഉള്‍പ്പെട്ടിരിക്കുകയാണ്.

Content Highlight: Valathu Vashathe Kallan movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more