| Saturday, 28th March 2026, 12:15 pm

ത്രില്ലില്ലാത്ത ത്രില്ലറുകളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടെ, ജീത്തു ജോസഫ് വീണ്ടും നിരാശപ്പെടുത്തി, ഒ.ടി.ടിയിലും വിമര്‍ശനങ്ങളേറ്റുവാങ്ങി വലതുവശത്തെ കള്ളന്‍

അമര്‍നാഥ് എം.

മലയാളസിനിമയില്‍ ത്രില്ലറുകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യചിത്രം തന്നെ മലയാളത്തിലെ മികച്ച ത്രില്ലറുകളൊന്നായിരുന്നിട്ടും തിയേറ്ററില്‍ പരാജയമായി. പിന്നീട് മെമ്മറീസ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയിലെ ബ്രാന്‍ഡായി ജീത്തു ജോസഫ് മാറി. ദൃശ്യം എന്ന ചിത്രത്തെ മോളിവുഡിലെ നാഴികക്കല്ലുകളിലൊന്നായാണ് പലരും കണക്കാക്കുന്നത്.

എന്നാല്‍ ഏറ്റവുമൊടുവില്‍ ജീത്തുവിന്റേതായി പുറത്തുവന്ന രണ്ട് ചിത്രങ്ങളും പ്രേക്ഷകരെ അങ്ങേയറ്റം നിരാശരാക്കുന്നതായിരുന്നു. ആസിഫ് അലി നായകനായ മിറാഷ് വന്‍ പരാജയമായപ്പോള്‍ പിന്നാലെയെത്തിയ വലതുവശത്തെ കള്ളനും യാതൊരു ചലനവുമുണ്ടാക്കാതെ കടന്നുപോയി. കഴിഞ്ഞദിവസം വലതുവശത്തെ കള്ളന്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലെ അഭിപ്രായം ഒ.ടി.ടിയിലും ആവര്‍ത്തിക്കുകയാണ് വലതുവശത്തെ കള്ളന്‍. ജീത്തു ജോസഫിനെപ്പോലെ ബ്രാന്‍ഡ് സംവിധായകനില്‍ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ത്രില്ലറായാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയതെങ്കിലും ആദ്യാവസാനം യാതൊരു ത്രില്ലും വലതുവശത്തെ കള്ളന്‍ സമ്മാനിച്ചില്ലെന്നാണ് കമന്റുകള്‍.

അടുത്ത കാലത്തായി റിലീസ് ചെയ്ത ധീരം, പാതിരാത്രി എന്നീ സിനിമകളെപ്പോലെ ത്രില്ലില്ലാത്ത ത്രില്ലറാണ് വലതുവശത്തെ കള്ളനെന്ന് പറഞ്ഞുകൊണ്ട് ചിലര്‍ പോസ്റ്റ് പങ്കുവെച്ചു. ചിത്രത്തിലെ ചില സീനുകള്‍ സ്പൂഫ് പടത്തെ ഓര്‍മിപ്പിക്കുന്നുണ്ടെന്നും കമന്റുകളുണ്ട്. പ്രധാന കഥാപാത്രങ്ങളുമായി യാതൊരു ഇമോഷണല്‍ കണക്ഷനും തോന്നുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ജോജു ജോര്‍ജും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അഴിമതിക്കാരനായ പൊലീസ് ഓഫീസറായി ബിജു മേനോന്‍ വേഷമിടുമ്പോള്‍ സാധാരണക്കാരനായ ഗൃഹനാഥനായാണ് ജോജു പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ പ്രധാന പോസിറ്റീവായി പലരും എടുത്തുപറയുന്നത് ബിജു മേനോന്റെ ഡീ ഏജ് ചെയ്ത പോര്‍ഷനുകളാണ്.

സാധാരണ രീതിയില്‍ കഥപറഞ്ഞുപോകുന്ന ആദ്യപകുതിയും പിന്നീട് ത്രില്ലര്‍ രീതിയിലേക്ക് ട്രാക്ക് മാറ്റുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്. ജോജു ജോര്‍ജും ബിജു മേനോനും തമ്മിലുള്ള മൈന്‍ഡ് ഗെയിമാണ് രണ്ടാം പകുതിയെങ്കിലും പ്രേക്ഷകരുമായി ഒട്ടും കണക്ടാക്കുന്നില്ല. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ ജീത്തുവിന്റെ അടുത്ത ചിത്രമായ ദൃശ്യം 3യുടെ ഹൈപ്പ് കുറക്കുകയാണ്.

Content Highlight: Valathu Vashathe Kallan movie getting criticisms after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more