തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍.പി.എസ്.ടി റാങ്ക് ഹോള്ഡേഴ്സിനെതിരെ കേസെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി സമര സമിതി നേതാവ് വളര്‍മതി. പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നുവെന്ന് വളര്‍മതി വിമര്‍ശിച്ചു.
യു.ഡി.എഫ് സര്‍ക്കാരിലുള്ള പ്രതീക്ഷകള്‍ അസ്തമിച്ചെന്നും മറ്റ് പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ യു.ഡി.എഫ് പഞ്ചാര വാക്കുകള്‍ പറയാണെന്നും വളര്‍മതി വിമര്‍ശിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ വീഴ്ചകള്‍ കൊണ്ടാണ് യു.ഡി.എഫ് അധികാരത്തില്‍ ഇരിക്കുന്നതെന്ന് മറക്കരുത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അടിച്ചമര്‍ത്താന്‍ നോക്കിയിട്ട് കാര്യമില്ലെന്നും എല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും വളര്‍മതി പ്രതികരിച്ചു.
അതേസമയം എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വളര്‍മതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ സമരം കടുപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനിച്ചു. സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൂട്ട നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
സമരപന്തലിലിരുന്ന വളര്‍മതി അടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. സമരത്തിന് നേതൃത്വം നല്കിയ വളര്‍മതിയെ ഒന്നാം പ്രതിയാക്കിക്കൊണ്ടായിരുന്നു കേസ്. തിരിച്ചറിഞ്ഞ മറ്റ് എട്ട് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസുണ്ട്. സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്. പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നു.
ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുത്ത മന്ത്രി ഓ.ജെ. ജനീഷിനും എം.പി. ഷാഫി പറമ്പലിനുതിരെ കേസെടുത്തിട്ടില്ല. പൊലീസിനെതിരെ വാര്‍ത്ത വന്നതുകൊണ്ട് കേസെടുക്കുന്നു എന്നാണ് പൊലീസ് പറഞ്ഞതെന്നും എന്നാല്‍ സമര പന്തലിലെ കനോപ്പി പൊളിക്കാന്‍ ശ്രമിച്ചതിനാലാണ് വിമര്‍ശിച്ചതെന്നും വളര്‍മതി വിശദീകരിച്ചു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്ന് സമര സമിതി നേതാവ് വളര്‍മതി ആരോപിച്ചിരുന്നു.
എയ്ഡഡ് സ്കൂളിലെ കോഴ വാങ്ങിച്ച് നിയമനം നല്കിയ അധ്യാപകര്‍ക്ക് അപ്രൂവല്‍ കൊടുക്കുന്നത് ബാധ്യത വരുത്തില്ലേ എന്നും സമരക്കാര്‍ വിമര്‍ശിച്ചിരുന്നു.
2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നാമമാത്രമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരിക്കു.
പ്രതീകാത്മകമായി പുല്ലുതിന്നും മണ്ണ് തിന്നുമായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്തത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വളര്‍മതി തല മുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചത്.
Content Highlight: Valarmathi criticizes the filing of cases against LPST rank holders who staged a protest in front of the Secretariat