കൊല്ലം: വാളകത്ത് അക്രമണത്തിനിരയായ അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ മാനേജറായ ആര്‍. ബാലകൃഷ്ണപിള്ളയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൃഷ്ണകുമാറിന്റെ ബി.എഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാരോപിച്ചാണ് നടപടി.
ഒറീസ്സയിലെ ഉത്കല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നേടിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റിന് കേരളത്തില്‍ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ എന്നാല്‍ 2011ല്‍ കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ഇ.ഒ കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുകയും സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അധികാരത്തില്‍ വന്നതിന് പിന്നാലെ ബാലകൃഷ്ണപിള്ള പ്രതികാരം ചെയ്യുകയാണെന്ന് കൃഷ്ണ കുമാറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഇതേ സ്‌കൂളില്‍ തന്നെ ജോലി ചെയ്യുകയായിരുന്ന കൃഷ്ണ കുമാറിന്റെ ഭാര്യയെയും കഴിഞ്ഞ 3 വര്‍ഷമായി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവരെ തിരിച്ചെടുക്കണമെന്ന് മെയ് 12ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.
ബാലകൃഷ്ണപിള്ള മാനേജരായ രാമവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ 2011 സെപ്റ്റംബര്‍ 27നാണ് വാളകത്ത് വെച്ച് അക്രമിക്കപ്പെടുന്നത്. അക്രമത്തിന് പിന്നില്‍ ബാലകൃഷ്ണ പിള്ളയുടെ ഗുണ്ടകളാണെന്ന് ആരോപണമുയര്‍ന്നിരുന്നു.