[]തിരുവനന്തപുരം: വാളകത്ത് കൃഷ്ണകുമാര്‍ എന്ന അധ്യാപകന്‍ അക്രമത്തിനിരയായ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.
സി.ബി.ഐ അഡീഷണല്‍ എസ്പി നന്ദകുമാരന്‍ നായരെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കുമ്പോഴാണ് മുംബൈയിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. ഈ മാസം 27 ന് മുമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.
കൊട്ടാരക്കരയിലെ വാളകത്ത് അധ്യാപകന്‍ അക്രമിക്കപ്പെട്ടത് ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവം വിവാദമോയതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറടക്കം അമ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് ഉള്‍പ്പെടെ ഏതാനും പേരെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ സി.ബി.ഐ കോടതിയോട് അനുവാദം ചോദിച്ചിരുന്നു.
മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ മാനേജ്‌മെന്റിലുള്ള രാമവിലാസം സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ 2011 സപ്തംബര്‍ 27 നായിരുന്നു അക്രമത്തിനിരയായത്. അക്രമണം ആസൂത്രിതമായിരുന്നുവെന്നും സംഭവത്തില്‍ ബാലകൃഷ്ണ പിള്ളയ്ക്കും മകന്‍ ഗണേഷ്‌കുമാറിനും പങ്കുണ്ടെന്ന് ആദ്യം തന്നെ ആരോപണമുയര്‍ന്നിരുന്നു.
ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് സി.ബി.ഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സംഭവത്തില്‍ രാഷ്ട്രീയ ഇടപെല്‍ നടന്നിരിക്കാമെന്ന സംശയത്തിനിട വരുത്തിയേക്കാം.