കൊച്ചി: വോട്ടർ പട്ടികയിൽ നിന്നും പേര് തള്ളിയതിനെതിരായ ഹരജിയിൽ ഇടപെട്ട് ഹൈക്കോടതി. തിരുവനന്തപുരം മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെട്ടത്.
സാങ്കേതിക കാരണം പറഞ്ഞു 24 കാരിയെ മത്സരിപ്പിക്കാതിരിക്കരുതെന്ന് കോടതി പറഞ്ഞു. കക്ഷി ചേരാനുള്ള തിരുവനന്തപുരം കോപ്പറേഷന്റെ ആവശ്യത്തെയും കോടതി വിമർശിച്ചു.
വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കിയത് അനീതിയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഈ മാസം 20 നകം കേസ് തീർപ്പാക്കണമെന്ന് കോടതി അറിയിച്ചു. വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
സാങ്കേതിക കാരണങ്ങളായി പറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും വൈഷ്ണ കോടതിയില്‍ പറഞ്ഞിരുന്നു.
ഹിയറിങ്ങിന് വിളിച്ചപ്പോള്‍ തന്റെ കൈവശമുള്ള ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കിയിരുന്നെന്നും ഇതിന് താന്‍ ഉത്തരവാദിയല്ലെന്നും വൈഷ്ണ വ്യക്തമാക്കിയിരുന്നു.
ഈ രേഖകളൊന്നും പരിശോധിച്ചില്ലെന്നും പരാതി നല്‍കിയ ആള്‍ ഹിയറിങ്ങില്‍ ഹാജരായിരുന്നുമില്ലെന്നും ഈ സാഹചര്യം നിലനില്‍ക്കെയാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും വൈഷ്ണ സുരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Vaishna Suresh should not be denied contest; High Court intervenes in petition