| Monday, 27th October 2025, 9:43 pm

'സ്‌കിബിഡികളും പൂക്കികളും പ്രൊഫൈല്‍ അയക്കൂ'; അഭിനേതാക്കള തേടി ബേപ്പൂര്‍ സുല്‍ത്താന്‍: ശ്രദ്ധേയമായി കാസ്റ്റിങ്ങ് കോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘കുറുപ്പി’ന് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്ന കാസ്റ്റിങ്ങ് കോള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ച ഈ വീഡിയോയില്‍ വൈക്കം മുഹമ്മദ് ബഷീറാണ് അഭിനേതാക്കളെ തേടുന്നത്.

കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലേക്ക് യുവതി യുവാക്കളെ തേടുന്നതായി അറിയിക്കുന്ന വീഡിയോ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോയ്ക്ക് പിന്നാലെ വന്ന ഒരു കുറിപ്പും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ’18 നും 25നും ഇടയില്‍ പ്രായമുള്ള സ്‌കിബിഡികളും പൂക്കികളും പ്രൊഫൈല്‍ അയക്കൂ എന്നിങ്ങനെയുള്ള വാക്കുകള്‍ കുറിപ്പില്‍ എഴുതിയതായും കാണാം.

‘ഫ്രം ദി മേക്കേഴ്സ് ഓഫ് സെക്കന്റ് ഷോ’ എന്ന വിശേഷണവുമായി എത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കുവച്ച് കഴിഞ്ഞു. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ ക്ഷണിക്കുന്ന പോസ്റ്ററിന്റെ താഴെ ഒളിഞ്ഞിരിക്കുന്ന ഒരു വരി, തൊട്ടപ്പുറത്തെ കവലയില്‍ കുരുടിയും പിള്ളേരും കാണും, ദം ഉള്ളവര്‍ കേറി പോര്..’ എന്നിവയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമയായ സെക്കന്‍ഡ് ഷോയുടെ രണ്ടാം ഭാഗമാണോ ഈ ചിത്രമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാകുന്നുണ്ട്. ബ്ലൂ വെയില്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മറ്റ് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടില്ല.

Content highlight: Vaikom Muhammed Basheer is looking for actors, notably Srinath Rajendran’s casting call video for the movie

We use cookies to give you the best possible experience. Learn more