| Tuesday, 28th July 2026, 7:46 pm

അഞ്ചില്‍ നാല് 50+, അതിലൊന്ന് 175!!! ഹരാരെ സിംബാബ്‌വേയുടെ ഹോം ഗ്രൗണ്ടോ അതോ ഇവന്റെ പ്ലേ ഗ്രൗണ്ടോ

ആദർശ് എം.കെ.

ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തില്‍ ആതിഥേയരെ തരിപ്പണമാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് സന്ദര്‍ശകര്‍ വിജയിച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന് കീഴിലുള്ള ഇന്ത്യയുടെ ആദ്യ പരമ്പര വിജയം കൂടിയായിരുന്നു ഇത്.

കൗമാര താരം വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങ് പ്രകടനത്തിന് കൂടിയാണ് ഈ സീരീസ് സാക്ഷ്യം വഹിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വൈഭവ് മൂന്നാം മത്സരത്തില്‍ മറ്റൊരു ഫിഫ്റ്റിയും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വൈഭവ് തന്നെയായിരുന്നു.

സിംബാബ്‌വന്‍ സീരീസിലെ മൂന്ന് മത്സരത്തിനും വേദിയായത് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബായിരുന്നു. അതായത് വൈഭവിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ രണ്ട് അര്‍ധ സെഞ്ച്വറിക്കും സാക്ഷ്യം വഹിച്ചത് ഹരാരെ തന്നെയായിരന്നു.

ഹരാരെ അക്ഷരാര്‍ത്ഥത്തില്‍ വൈഭവിന്റെ ലക്കി ഗ്രൗണ്ടാണ്. ഈ വര്‍ഷം മാത്രം കളിച്ച അഞ്ച് മത്സരത്തില്‍ താരം നാല് തവണ 50+ റണ്‍സ് നേടിയിട്ടുണ്ട്.

ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലിലാണ് വൈഭവ് 2026ല്‍ ആദ്യമായി ഹരാരെയിലെത്തിയത്. അഫ്ഗാനിസ്ഥാന്റെ കൗമാര താരങ്ങള്‍ക്കെതിരെ 33 പന്തില്‍ 68 റണ്‍സ് നേടിയാണ് വൈഭവ് കളം വിട്ടത്.

ഫൈസല്‍ ഖാന്റെയും (93 പന്തില്‍ 110) ഉസൈറുള്ള നൈസായിയുടെയും (86 പന്തില്‍) അഫ്ഗാന്‍ ഉയര്‍ത്തിയ 311 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും 53 പന്തും ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 104 പന്തില്‍ 115 റണ്‍സടിച്ച ആരോണ്‍ ജോര്‍ജാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 411 റണ്‍സ് നേടി. 80 പന്തില്‍ 175 റണ്‍സടിച്ച വൈഭവായിരുന്നു ടോപ്പ് സ്‌കോറര്‍. 15 ഫോറും അത്ര തന്നെ സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 311ന് പുറത്തായി. ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട വൈഭവ് തന്നെയായിരുന്നു ടൂര്‍ണമെന്റിന്റെ താരവും.

ശേഷം, ഇന്ത്യന്‍ പര്യടനത്തിലാണ് വൈഭവ് ഹരാരെയില്‍ വീണ്ടും ബാറ്റിങ്ങിനിറങ്ങിയത്. മൂന്ന് മത്സരത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറിയുമായി താരം ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് തെളിയിക്കുകയും ചെയ്തു.

2026ല്‍ വൈഭവ് സൂര്യവംശി ഹരാരെയില്‍

68 (33) vs അഫ്ഗാനിസ്ഥാന്‍ – അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനല്‍

175 (80) vs ഇംഗ്ലണ്ട് – അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍

50 (19) – vs സിംബാബ്‌വേ – ആദ്യ ടി-20

20 (9) vs സിംബാബ്‌വേ – രണ്ടാം ടി-20

81 (49) vs സിംബാബ്‌വേ – മൂന്നാം ടി-20

Content Highlight: Vaibhav Suryavanshi scored four 50+ scores in Harare in 2026.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more