ഐ.പി.എല്‍ 2025ലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍ വൈഭവ് സൂര്യവംശിയായിരുന്നു. ഐ.പി.എല്ലില്‍ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡോടെ ടൂര്‍ണമെന്റിന്റെ ഭാഗമായ താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ നിരവധി ചരിത്ര റെക്കോഡുകളും തന്റെ പേരിലെഴുതിച്ചേര്‍ത്തിരുന്നു.
ഈ സീസണില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയതും രാജസ്ഥാന്റെ കുട്ടിത്താരമായിരുന്നു. ഏഴ് മത്സരത്തില്‍ നിന്നും 36 ശരാശരിയിലും 206.55 സ്‌ട്രൈക്ക് റേറ്റിലും 252 റണ്‍സാണ് താരം അടിച്ചെടുത്തത്.
ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനവുമായി വരവറിയിച്ച താരം അടുത്ത സീസണിലേക്കുള്ള തന്റെ പദ്ധതികളെ കുറിച്ചും വിശദീകരിക്കുകയാണ്. അടുത്ത സീസണില്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും തന്റെ ടീമിനെ ഫൈനലിലെത്തിക്കണമെന്നുമാണ് സൂര്യവംശി പറഞ്ഞത്.
‘അടുത്ത സീസണില്‍ എനിക്ക് ഇതിലും മികച്ച പ്രകടനം പുറത്തെടുക്കണം. എന്റെ ടീമിനെ ഫൈനലിലെത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ടീമിന്റെ വിജയത്തില്‍ എനിക്കെന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതിലായിരിക്കും ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുക.
ഐ.പി.എല്‍ കളിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. ഈ സീസണില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചു. അടുത്ത സീസണില്‍ ഇതിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കും. എന്റെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനും ഞാന്‍ ശ്രമിക്കും,’ സൂര്യവംശി പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ U19 സ്‌ക്വാഡിനൊപ്പമുള്ള ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് സൂര്യവംശി. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് മള്‍ട്ടി ഫോര്‍മാറ്റ് പരമ്പരകള്‍ കളിക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിലെത്തുക. ഇതിനായി ആയുഷ് മാഹ്‌ത്രെയെ ക്യാപ്റ്റനാക്കി 16 അംഗ സ്‌ക്വാഡും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂണ്‍ 24ന് ലോഫ്ബറോ യൂണിവേഴ്സിറ്റിയില്‍ ഇരു ടീമുകളും സന്നാഹമത്സരം കളിക്കും. 27 മുതലാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ഇതിന് പുറമെ രണ്ട് മള്‍ട്ടി ഡേ മാച്ചുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ആയുഷ് മാഹ്ത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്സിങ് ചാവ്ദ, രാഹുല്‍ കുമാര്‍, അഭിജ്ഞാന്‍ കുണ്ഡു (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുദ്ധജീത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോല്‍ സിങ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: നമന്‍ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലംകൃത രാപോല്‍ (വിക്കറ്റ് കീപ്പര്‍).
(ദിവസം – മത്സരം – വേദി എന്നീ ക്രമത്തില്‍)
ജൂണ്‍ 24, ചൊവ്വ – 50 ഓവര്‍ സന്നാഹ മത്സരം – ലോഫ്ബറോ യൂണിവേഴ്സിറ്റി
ജൂണ്‍ 27, വെള്ളി – ആദ്യ ഏകദിനം – ഹൂവ്
ജൂണ്‍ 30, തിങ്കള്‍ – രണ്ടാം ഏകദിനം – നോര്‍താംപ്ടണ്‍
ജൂലൈ 02, ബുധന്‍ – മൂന്നാം ഏകദിനം – നോര്‍താംപ്ടണ്‍
ജൂലൈ 05, ശനി – നാലാം ഏകദിനം – വോര്‍സ്റ്റര്‍
ജൂലൈ 07, തിങ്കള്‍ – അവസാന ഏകദിനം – വോര്‍സ്റ്റര്‍
ജൂലെ 12 – ജൂലൈ 15 – ആദ്യ മള്‍ട്ടി ഡേ മാച്ച് – ബെക്കന്‍ഹാം
ജൂലൈ 20 – ജൂലൈ 23 – രണ്ടാം മള്‍ട്ടി ഡേ മാച്ച് – ചെംസ്ഫോര്‍ഡ്
Content Highlight: Vaibhav Suryavanshi reveals his goal for the next IPL season