| Sunday, 14th December 2025, 9:08 am

വിരാടിനേക്കാള്‍ ആളുകള്‍ തിരഞ്ഞത്... പ്രതികരിച്ച് സൂര്യവംശി

സ്പോര്‍ട്സ് ഡെസ്‌ക്

2025ല്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യക്കാരന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയായിരുന്നു. ഐ.പി.എല്‍ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതും ശേഷം ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായതോടെയാണ് വൈഭവ് സൂര്യവംശിയെന്ന പേര് ആളുകള്‍ തിരയാന്‍ ആരംഭിച്ചത്.

ഒന്നിന് പിന്നാലെ ഒന്നായി വൈഭവ് വീണ്ടും റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടേയിരിക്കുമ്പോള്‍ ആളുകള്‍ ഗൂഗിളില്‍ അന്ന് തുടങ്ങിയ തിരച്ചില്‍ ഇന്നും തുടരുകയാണ്. വിരാട് കോഹ്‌ലിയെ അടക്കം പിന്തള്ളിയാണ് വൈഭവ് ഗൂഗിളില്‍ തരംഗമായത്.

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

ഇപ്പോള്‍ വിരാടിനെയടക്കം മറികടന്നുകൊണ്ട് ആളുകള്‍ ഏറ്റവുമധികം ഗൂഗളില്‍ തിരഞ്ഞ ഇന്ത്യക്കാരനാകുമ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് വൈഭവ് സൂര്യവംശി.

‘ഗൂഗളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യക്കാരന്‍ വൈഭവാണ്. വിരാട് കോഹ്‌ലിയെ പോലും മറികടന്നു. ലോകമെമ്പാടുമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞവരില്‍ ആറാം സ്ഥാനത്താണ്. ഇത്രയും പ്രശസ്തനായിട്ടും എങ്ങനെ വിനയത്തോടെയിരിക്കാന്‍ സാധിക്കുന്നത്,’ എന്ന ബ്രോഡ്കാസ്റ്ററുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വൈഭവ്.

ഇത്തരം കാര്യങ്ങളെല്ലാം സന്തോഷം തരുന്നുണ്ടെങ്കിലും മത്സരങ്ങളില്‍ ശ്രദ്ധിക്കാനാണ് താത്പര്യപ്പെടുന്നത് എന്നായിരുന്നു വൈഭവിന്റെ മറുപടി.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

‘ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും ഞാന്‍ അധികം ചിന്തിക്കാറില്ല. മത്സരങ്ങളില്‍ ശ്രദ്ധ നല്‍കാനാണ് ഞാന്‍ എല്ലായ്‌പ്പോഴും താത്പര്യപ്പെടുന്നത്. എന്നെ കുറിച്ചും എന്റെ പ്രകടനങ്ങളെ കുറിച്ചും ആളുകള്‍ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. ഇതെല്ലാം മികച്ചതാണ്. സന്തോഷമുണ്ടാകും, എന്നാല്‍ അതിനെ കുറിച്ച് മാത്രം ചിന്തിച്ചിരിക്കാതെ മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ വൈഭവ് പറഞ്ഞു.

നിലവില്‍ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് വൈഭവ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. യു.എ.ഇക്കെതിരെ 95 പന്തില്‍ 171 റണ്‍സ് അടിച്ചെടുത്താണ് താരം തിളങ്ങിയത്. 14 സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

ഈ സിക്സര്‍ മഴയില്‍ ഒരു ചരിത്രവും പിറന്നിരുന്നു. യൂത്ത് ഏകദിനത്തില്‍ 50 സിക്സുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സൂര്യവംശി സ്വന്തമാക്കിയത്. യു.എ.ഇക്കെതിരെ നേടിയ ഏഴാം സിക്‌സറാണ് താരത്തെ ഈ റെക്കോഡിലെത്തിച്ചത്. നിലവില്‍ 57 സിക്‌സറുകളാണ് യൂത്ത് ഒ.ഡി.ഐയില്‍ വൈഭവിന്റെ പേരിലുള്ളത്.

ഈ റെക്കോഡില്‍ മുന്‍ ഇന്ത്യന്‍ യൂത്ത് ടീം ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദാണ് രണ്ടാമത്. 38 സിക്‌സറുകളാണ് യൂത്ത് ഒ.ഡി.ഐയില്‍ ഇന്ത്യ U19 കിരീടം ചൂടിച്ച ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

Content Highlight: Vaibhav Suryavanshi reacts to surpassing Virat Kohli to become the most searched Indian in 2025

Latest Stories

We use cookies to give you the best possible experience. Learn more