വിജയ് ഹസാരെ ട്രോഫിയില്‍ ബീഹാറും അരുണാചല്‍ പ്രദേശും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബീഹാര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 43 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 453 റണ്‍സാണ് ബീഹാര്‍ നേടിയത്.
ബീഹാറിന് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ സൂപ്പര്‍ കിഡ് വൈഭവ് സൂര്യവംശിയാണ്. വെറും 84 പന്തില്‍ നിന്ന് 15 സിക്‌സും 16 ഫോറും ഉള്‍പ്പെടെ 190 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 226.19 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം മിന്നും പ്രകടനം നടത്തിയത്.
വെറും 10 റണ്‍സ് അകലെയാണ് വൈഭവിന് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി നഷ്ടമായത്. താരത്തിന് നേരെ ബോളെറിഞ്ഞ എല്ലാവരും തലങ്ങും വിലങ്ങും അടി വാങ്ങിയിരുന്നു. ഇന്ത്യയുടെ ഭാവി ഈ 14കാരന്റെ കൈകളില്‍ ഭദ്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
ഇതോടെ കളിച്ച എല്ലാ ഫോര്‍മാറ്റിലും വൈഭവ് സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് താരം ആദ്യ സെഞ്ച്വറി നേടിയത്. പിന്നീട് യൂത്ത് ഒ.ഡി.ഐ, യൂത്ത് ടെസ്റ്റ്, ഇന്ത്യ എ, സയ്യിദ് മുഷ്താഖ് അലി ട്രോഫി, അണ്ടര്‍ 19 ഏഷ്യാ കപ്പ് എന്നീ ടൂര്‍ണമെന്റുകളിലും വൈഭവ് വെടിക്കെട്ട് വൈബാണ് കാഴ്ചവെച്ചത്.
നേരത്തെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ വൈഭവിന്റെ നിറം മങ്ങിയെന്ന് പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ പൂര്‍വാധികം ശക്തിയോടെയാണ് താരം തിരിച്ചുവന്നിരിക്കുന്നത്.
അതേസമയം മത്സരത്തില്‍ ബീഹാറിന് വേണ്ടി നിലവില്‍ ക്രീസിലുള്ളത് 95 റണ്‍സ് നേടിയ ആയുഷ് ആനന്ദും 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനിയുമാണ്. ടീമിന് വേണ്ടി പീയുഷ് സിങ് 77 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്.