ക്രിക്കറ്റില്‍ പുതിയ റോളില്‍ അവതരിക്കാനൊരുങ്ങി ഇന്ത്യന്‍ യുവ വിസ്മയം വൈഭവ് സൂര്യവംശി. 2026 ദുലീപ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റനായാണ് വൈഭവ് എത്തുന്നത്. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായാണ് വൈഭവ് ചുമതലയേല്‍ക്കുന്നത്.
ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമില്‍ ഓപ്പണറായും വൈഭവ് കളത്തിലിറങ്ങും.
സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു 15കാരനായ വൈഭവ് പുറത്തെടുത്തത്. സിംബാബ്‌വേ പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലുമാണ് 15കാരന്‍ ഫിഫ്റ്റി നേടിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
അവസാന മത്സരത്തില്‍ 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.
അതേസമയം ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണിന്റെ ടീമില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഇടം നേടിയിട്ടുണ്ട്. 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഷമി പിന്നീട് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആഭ്യന്തര ടൂര്‍ണമെന്റിലൂടെ മിന്നും പ്രകടനം നടത്തി വീണ്ടും ടീമിലേക്ക് തിരിച്ചെത്താനായിരിക്കും ഷമിയുടെ ലക്ഷ്യം.
ഷമിക്ക് പുറമെ മുകേഷ് കുമാര്‍, ഷഹബാസ് അഹമ്മദ് തുടങ്ങിയ പ്രധാന താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ്, പേസര്‍ ആകാശ് ദീപ് എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. പരിക്കാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.
2026 ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ സ്‌ക്വാഡ്
അഭിമന്യു ഈശ്വരന്‍, സുദീപ് കുമാര്‍ ഘരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ് സ്വാള്‍, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), കുമാര്‍ കുശാഗ്ര, ശിഖര്‍ മോഹന്‍, അനുകുല്‍ റോയ്, വിരാട് സിങ്, ശുഭ്രന്‍ശു സേനാപതി, വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റന്‍), ഡെനിഷ് ദാസ്, അഭിജിത് സര്‍ക്കാര്‍.
സ്റ്റാന്‍ഡ് ബൈ
ആയുഷ് ലോഹറുക, ശ്രീദം പോള്‍, സാംബിത് എസ് ബറാല്‍, ശരണ്‍ദീപ് സിങ്, സ്വസ്തിക് സമല്‍.
Content Highlight: Vaibhav Suryavanshi named East Zone vice-captain in 2026 Duleep Trophy