ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വന്‍ കുതിച്ചുചാട്ടവുമായി സൂപ്പര്‍ താരം വൈഭവ് സൂര്യവംശി. ഒറ്റയടിക്ക് 230 റാങ്കുകള്‍ മെച്ചപ്പെടുത്തി 48ാം റാങ്കിലേക്കാണ് 15കാരന്‍ കുതിച്ചെത്തിയത്.
ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് താരം കരിയറിലെ പുത്തന്‍ നാഴികക്കല്ലിലേക്ക് കാലെടുത്ത് വെച്ചത്.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
536 എന്ന കരിയര്‍ ബെസ്റ്റ് റേറ്റിങ്ങാണ് താരത്തിനുള്ളത്.
സിംബാബ്‌വേയ്‌ക്കെതിരെ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 151 റണ്‍സാണ് താരം സ്വന്തമാക്കിയത്. പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിക്കൊപ്പം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയ വൈഭവിനെ തേടി പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവുമെത്തിയിരുന്നു.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിനൊപ്പം പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ മാറിയിരുന്നു.
വൈഭവിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ ഇഷാന്‍ കിഷനാണ് റാങ്കിങ്ങിലൊന്നാമന്‍. 910 റേറ്റിങ്ങുമായി താരം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്.
ഇഷാന്‍ കിഷന്‍. Photo: BCCI/x.com
848 റേറ്റിങ്ങോടെ പാക് താരം സാഹിബ്‌സാദ ഫര്‍ഹാന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ അഭിഷേക് ശര്‍മ ഒരു സ്ഥാനം നഷ്ടപ്പെട്ട് മൂന്നാം റാങ്കിലേക്ക് വീണു.
799, 751 റേറ്റിങ്ങുമായി ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട്, ലങ്കന്‍ താരം ദാസുന്‍ ഷണക എന്നിവര്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇടം നിലനിര്‍ത്തി.
തിലക് വര്‍മ രണ്ട് റാങ്കുകള്‍ മെച്ചപ്പെടുത്തി ആറിലേക്കുയര്‍ന്നപ്പോള്‍ ജോസ് ബട്‌ലറും ഹാരി ബ്രൂക്കും ഓരോ സ്ഥാനം വീതം നഷ്ടപ്പെട്ട് ഏഴ്, എട്ട് റാങ്കുകളിലേക്കെത്തി. മിച്ചല്‍ മാര്‍ഷും ഡെവാള്‍ഡ് ബ്രെവിസുമാണ് ആദ്യ പത്തിലെ മറ്റ് സ്ഥാനക്കാര്‍.
മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് (19), നിലവിലെ നായകന്‍ ശ്രേയസ് അയ്യര്‍ (24) എന്നിവരാണ് ആദ്യ 25ലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
അതേസമയം, സഞ്ജു സാംസണ്‍ മൂന്ന് റാങ്കുകള്‍ നഷ്ടപ്പെട്ട് 33ലേക്ക് വീണു. 575 ആണ് താരത്തിന്റെ റേറ്റിങ് പോയിന്റ്.
ഐ.സി.സി ടി-20ഐ ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക
Content highlight: Vaibhav Suryavanshi makes a massive leap in ICC rankings.