ഇന്ത്യ അണ്ടര്‍ 19യും ഇംഗ്ലണ്ട് 19യും തമ്മില്‍ കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന യൂത്ത് ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.
സ്‌കോര്‍
ഇന്ത്യ – 248 & 540
ഇംഗ്ലണ്ട് – 270 & 439
മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ വൈഭവ് സൂര്യവംശി 14 റണ്‍സിനാണ് പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ താരം 44 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 56 റണ്‍സ് നേടി അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകള്‍ നേടി ബൗളിങ്ങിലും താരം കരുത്ത് കാണിച്ചിരുന്നു.
തകര്‍പ്പന്‍ പ്രകടനം കൊണ്ട് അമ്പരപ്പിച്ച യുവ താരം യൂത്ത് ടെസ്റ്റിലും മികച്ച റെക്കോഡാണ് സ്വന്തമാക്കിയത്. യൂത്ത് ടെസ്റ്റിലെ ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനാണ് വൈഭവ് സൂര്യവംശിക്ക് സാധിച്ചത്.
നിലവില്‍ വെറും 14 വയസാണ് താരത്തിനുള്ളത്. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് ബംഗ്ലാദേശ് താരം മെഹ്ദി ഹസന്‍ മിറാസായിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശ് താരത്തെയും മറികടന്നാണ് വൈഭവ് ഈ നേട്ടത്തിലെത്തിയത്.
വൈഭവ് സൂര്യവംശി (ഇന്ത്യ) – 14 വയസും 107 ദിവസവും – 14, 56 – 2 – ഇംഗ്ലണ്ട് – 2025
മെഹ്ദി ഹസന്‍ മിറാസ് (ബംഗ്ലാദേശ്) – 15 വയസും 167 ദിവസവും – 105, 28 – 2 – ശ്രീലങ്ക – 2013
ഷൈക്കത്ത് അലി (ബംഗ്ലാദേശ്) – 15 വയസും 204 ദിവസവും – 45,12 – 1 – ഇംഗ്ലണ്ട് – 2007
നസീര്‍ ഹൊസൈന്‍ (ബംഗ്ലാദേശ്) – 15 വയസും 219 ദിവസവും – 28, 65 – 3 – ശ്രീലങ്ക – 2007
ഇംഗ്ലണ്ടിനെതിരെയുള്ള അണ്ടര്‍ 19 ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും വൈഭവായിരുന്നു.
അതേസമയം ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2025 സീസണില്‍ അരങ്ങേറ്റം നടത്തിയ താരമാണ് വൈഭവ്. ക്യാപ്റ്റന്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് വൈഭവ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചത്.
ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം അടിച്ചെടുത്തത്. 36.0 എന്ന ആവറേജും 206.56 എന്ന സ്ട്രൈക്ക് റേറ്റും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. സീസണില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരം നേടി.
Content Highlight: Vaibhav Suryavanshi In Great Record Achievement In Youth Test Cricket