അണ്ടര്‍ 19 ലോകകപ്പില്‍ ആറാം കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ടിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ 40.2 ഓവറില്‍ 311 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്.
ടൂര്‍ണമെന്റ് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന ടോട്ടലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്.
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. വെറും 80 പന്തില്‍ നിന്ന് 15 ഫോറും 15 സിക്‌സും ഉള്‍പ്പെടെ 175 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 218.75 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. മാത്രമല്ല മത്സരത്തിലെ 150 റണ്‍സും താരം നേടിയത് ബൗണ്ടറികളിലൂടെയാണ്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വൈഭവിന് സാധിച്ചിരിക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് വൈഭവിന് സാധിച്ചത്. ഇന്ത്യയുടെ രാജ് ബാവയുടെ റെക്കോഡാണ് സൂര്യവംശി മറികടന്നത്.
വൈഭവ് സൂര്യവംശി – 175
രാജ് ബാവ – 162*
ശിഖര്‍ ധവാന്‍ – 155*
ശിഖര്‍ ധവാന്‍ – 146
അങ്കൃഷ് രഘുവാന്‍ശി – 144
മുഷീര്‍ ഖാന്‍ – 131
ചെതേശ്വര്‍ പൂജാര – 129*
മത്സരത്തില്‍ നേരിട്ട 55ാം പന്തിലാണ് താരം ടൂര്‍ണമെന്റിലെ തന്റെ കന്നി സെഞ്ച്വറി അടിച്ചെടുത്തത്. മാനി ലംസ്ഡനാണ് വൈഭവിനെ പുറത്താക്കിയത്.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് മലയാളി താരം ആരോണ്‍ ജോര്‍ജിനെ ഒമ്പത് റണ്‍സിന് നഷ്ടമായി. എന്നാല്‍ വൈഭവും ആയുഷ് മാഹ്‌ത്രെയും തമ്മിലുള്ള 100+ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഒടുക്കം 51 പന്തില്‍ 53 റണ്‍സ് നേടി ആയുഷ് പുറത്താകുകയായിരുന്നു. ക്യാപ്റ്റന്‍ ആയുഷാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.
ഇംഗ്ലണ്ടിന് വേണ്ടി 67 പന്തില്‍ 115 റണ്‍സ് നേടിയ കേലബ് മാത്യു ഫാല്‍ക്‌നറാണ് മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. താരത്തിന് പുറമെ 66 റണ്‍സ് നേടിയ ഓപ്പണര്‍ ബെന്‍ ഡ്വാകിന്‍സും തിളങ്ങി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി അബ്രിഷ് ആര്‍.എസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ആയുഷ് മാഹ്‌ത്രെ, ഖിലാഫ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Vaibhav Suryavanshi In Great Record Achievement In U19 World Cup For India