ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ യു.എ.ഇ എയെ തകര്‍ത്ത് ഇന്ത്യ എ. ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 148 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് (20 ഓവറില്‍) ഇന്ത്യ അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിന് 149 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയത്.
സെഞ്ച്വറി നേടിയാണ് വൈഭവ് ഏവരെയും അമ്പരപ്പിച്ചത്. വെറും 42 പന്തില്‍ നിന്ന് 15കൂറ്റന്‍ സിക്‌സറുകളും 11 ഫോറും ഉള്‍പ്പെടെ 144 റണ്‍സാണ് താരം അടിച്ചെടുത്തത്. 342.85 എന്ന ഭീകര സ്‌ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ താണ്ഡവം. നേരിട്ട 32ാം പന്തിലായിരുന്നു താരം സെഞ്ച്വറി നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഇന്ത്യന്‍ ബാറ്റര്‍ എന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാകാനാണ് വൈഭവിന് സാധിച്ചത്.
ഉര്‍വില്‍ പട്ടേല്‍ – 28 പന്ത് – 2024
അഭിഷേക് ശര്‍മ – 28 പന്ത് – 2024
റിഷബ് പന്ത് 32 – പന്ത് – 2018
വൈഭവ് സൂര്യവംശി – 32 പന്ത് – 2025
മത്സരത്തില്‍ വൈഭവിന് പുറമേ 83 റണ്‍സ് നേടി ജിതേഷ് ശര്‍മ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 32 പന്തില്‍ നിന്നും 6 സിക്‌സും 8 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നമന്‍ ദിര്‍ 34 റണ്‍സും നെഹാല്‍ വധേര 14 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.
യു.എ.ഇക്ക് വേണ്ടി മുഹമ്മദ് ഫറാസുദ്ദീന്‍, ആയന്‍ അഫ്‌സല്‍ ഖാന്‍, മുഹമ്മദ് അര്‍ഫാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
യു.എ.ഇക്ക് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് സൊഹൈബ് ഖാനാണ്. 41 പന്തില്‍ 63 റണ്‍സാണ് താരം നേടിയത്. മുഹമ്മദ് അര്‍ഫാന്‍ 26 പന്തില്‍ 26 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
Content Highlight: Vaibhav Suryavanshi In Great Record Achievement In T-20 as A Indian Batter