ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 15 വയസുകാരന്‍ വൈഭവ് സൂര്യവംശി. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ് വൈഭവ് സ്വന്തമാക്കിയത്.
വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍ ഒന്നാമനായ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തും കൗമാര താരമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ താരം ഹെന്റിക്ക് ക്ലാസനെയും മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനെയും വീണ്ടും പിന്നിലാക്കിയാണ് വൈഭവ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത് മുമ്പ് വൈഭവ് പറഞ്ഞ വാക്കുകളാണ്. ഐ.പി.എല്ലിലെ ഏത് റെക്കോഡാണ് മറികടക്കാന്‍ ലക്ഷ്യം വെക്കുന്നതെന്ന ചോദ്യത്തിന് ക്രിസ് ഗെയ്‌ലിന്റെ ഫാസ്റ്റ് സെഞ്ച്വറി തകര്‍ക്കണമെന്നാണ് 15 വയസുകാരന്‍ മറുപടി പറഞ്ഞത്. സീസണില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്ന താരം വൈകാതെ തന്നെ ഗെയ്‌ലിനെയും മറികടക്കുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകളും പ്രതീക്ഷിക്കുന്നത്.
(താരം, പന്ത്, എതിരാളി, വര്‍ഷം)
ക്രിസ് ഗെയ്ല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) – 30 – പൂനെ വാരിയേഴ്‌സ് ഇന്ത്യ – 2013
വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍സ്) – 35 – ഗുജറാത്ത് ടൈറ്റന്‍സ് – 2025
വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍്‌സ) – 36 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2026
യൂസഫ് പത്താന്‍ (രാജസ്ഥാന്‍ റോയല്‍സ്) – 37 – മുംബൈ ഇന്ത്യന്‍സ് – 2010
ഹെന്റിക് ക്ലാസന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) – 37 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2025
മത്സരത്തില്‍ 37 പന്തില്‍ 12 കൂറ്റന്‍ സിക്‌സറുകളും അഞ്ച് ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് വൈഭവിന്റെ സമ്പാദ്യം. 278.38 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഇത് താരത്തിന്റെ രണ്ടാം ഐ.പി.എല്‍ സെഞ്ച്വറിയാണ്.
അതേസമയം ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന വമ്പന്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഉദയസൂര്യന്‍മാരുടെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പടുത്തുയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
Content Highlight: Vaibhav Suryavanshi In Great Record Achievement In IPL