ഇന്ന് (ചൊവ്വ) നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബീഹാറിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമായിരുന്നു മഹരാഷ്ട്ര സ്വന്തമാക്കിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മഹാരാഷ്ട്ര ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സായിരുന്നു ബീഹാര്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടയാണ് മഹാരാഷ്ട്ര വിജയത്തിലെത്തിയത്.
മത്സരത്തില്‍ ഏറെ ശ്രദ്ധ നേടിയത് ബീഹാറിന്റെ സൂപ്പര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. പരാജയപ്പെട്ടെങ്കിലും ബീഹാറിന് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിക്കൊടുത്തായിരുന്നു വൈഭവ് തിളങ്ങിയത്. 61 പന്തില്‍ ഏഴ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 108 റണ്‍സ് നേടിയാണ് 14കാരന്‍ ഏവരേയും അമ്പരപ്പിച്ചത്. 177.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
Vaibhav Suryavanshi, Photo: Rajasthan Royals/x.com
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2025ല്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലാണ് വൈഭവ് ചെന്നെത്തിയത്. ഈ നേട്ടത്തില്‍ ബിഗ് ഹിറ്ററായ അഭിഷേക് ശര്‍മയാണ് മുന്നിലുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് സൂര്യകുമാര്‍ യാദവാണ്. വെറും 15 ഇന്നിങ്‌സില്‍ നിന്നാണ് വൈഭവ് ഈ നേട്ടത്തിലെത്തിയതെന്നത് എടുത്തുപറയേണ്ടതാണ്.
2025 ടി-20യില്‍ 50+ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍, എണ്ണം (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍.
അഭിഷേക് ശര്‍മ – 95 (34)
വൈഭവ് സൂര്യവംശി – 56* (15)
സൂര്യകുമാര്‍ യാദവ് – 52 (34)
18 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു കലണ്ടര്‍ ഇയറില്‍ 50 ടി-20 സിക്‌സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് നേടിയിരുന്നു.
നിലവില്‍ വൈഭവ് എന്ന ഈ കുട്ടിത്താരം 2025ല്‍ 15 മത്സരങ്ങളിലെ 15 ഇന്നിങ്‌സില്‍ നിന്ന് 631 റണ്‍സാണ് സ്വന്തമാക്കിയത്. 144 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഫോര്‍മാറ്റിലുണ്ട്. 45.07 എന്ന ആവറേജിലും 209.63 എന്ന പ്രഹര ശേഷിയിലുമാണ് വൈഭിന്റെ ബാറ്റിങ് പ്രകടനം.
ഫോര്‍മാറ്റില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികളാണ് താരം നേടിയത്. ഐ.പി.എല്ലിലും, എമേര്‍ജിങ് ഏഷ്യ കപ്പില്‍ യു.എ.ഇക്കെതിരെയും ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലുമാണ് വൈഭവ് സെഞ്ച്വറിയടിച്ചത്. ഇതുവരെ 47 ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്. രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളും താരത്തിനുണ്ട്.
Content Highlight: Vaibhav Suryavanshi In Great Record Achievement In 2025 T-20 For India