അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇന്ത്യ സൂപ്പര്‍ താരം വൈഭവ് സൂര്യവംശി. യു.എ.ഇയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലാണ് യുവ താരം വീണ്ടും അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത്. ഓപ്പണറായി ഇറങ്ങി 95 പന്തില്‍ നിന്ന് 14 കൂറ്റന്‍ സിക്‌സറുകളും ഒമ്പത് ഫോറും ഉള്‍പ്പെടെ 171 റണ്‍സായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ കിഡ് തൂക്കിയടിച്ചത്. 180.0 എന്ന പ്രഹരശേഷിയിലാണ് വൈഭവ് യു.എ.ഇ ബൗളര്‍മാരെ പഞ്ഞിക്കിട്ടത്.
മാത്രമല്ല 2025ല്‍ താരം കരിയര്‍ ആരംഭിച്ചത് മുതല്‍ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്. ഇതിനോടകം കളിച്ച എല്ലാ ഫോര്‍മാറ്റിലും താരത്തിന്റെ സെഞ്ച്വറി പിറന്നുകഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനായി ഐ.പി.എല്‍ അരങ്ങേറ്റം നടത്തിയ താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് തന്റെ ആദ്യ സെഞ്ച്വറി നേടിയത്.
പിന്നീട് യൂത്ത് ഒ.ഡി.ഐ, യൂത്ത് ടെസ്റ്റ്, ഇന്ത്യ എ, സയ്യിദ് മുഷ്താഖ് അലി ട്രോഫി, ഇപ്പോള്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ സെഞ്ച്വറിയടിച്ച് അമ്പരപ്പിക്കാന്‍ 14കാരന് സാധിച്ചു. മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തില്‍ വൈഭവ് അധികം വൈകാതെ അരങ്ങേറ്റം നടത്തുമെന്നും പ്രതീക്ഷിക്കാം.
അതേസമയം ഐ.സി.സി അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തില്‍ വൈഭവിന് പുറമെ ആരോണ്‍ വര്‍ഗീസ് 73 പന്തില്‍ 69 റണ്‍സും വിഹാന്‍ മല്‍ഹോത്ര 55 പന്തില്‍ 69 റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്. യു.എ.ഇക്ക് വേണ്ടി യങ് ശര്‍മ, ഉദ്ദിഷ് സുരി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷോളം ഡിസൂസ, യായിന്‍ കിരാന്‍ റായി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Vaibhav Suryavanshi In Great Performance In U-19 Asia Cup