| Thursday, 9th April 2026, 1:02 pm

വാര്‍ണര്‍, ഗെയ്ല്‍, ബട്‌ലര്‍, സഞ്ജു, അഭിഷേക്, ഗില്‍... ലിസ്റ്റ് നീളുന്നു; 15കാരന്‍ ബുംറയെ അടിച്ച് മറികടന്നത് ഇതിഹാസങ്ങളില്‍ ഇതിഹാസങ്ങളെ

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപരയില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിനാണ് രാജസ്ഥാന്‍ വിജയിച്ചത്.

മോശം കാലാവസ്ഥ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പള്‍ട്ടാന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

യശസ്വി ജെയ്‌സ്വാളിന്റെയും വൈഭവ് സൂര്യവംശിയുടെയും വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്. ജെയ്‌സ്വാള്‍ 32 പന്തില്‍ പുറത്താകാതെ 77 റണ്‍സ് നേടിയപ്പോള്‍ വണ്ടര്‍കിഡ് സൂര്യവംശി 14 പന്തില്‍ 39 റണ്‍സും നേടി.

മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ സിക്‌സറടിച്ചാണ് സൂര്യവംശി സ്‌കോര്‍ ചെയ്യാന്‍ ആരംഭിച്ചത്. മത്സരത്തില്‍ മാത്രമല്ല, തന്റെ കരിയറിലും വൈഭവ് ആദ്യമായാണ് ബുംറയെ നേരിട്ടത്.

ആ ഓവറില്‍ മറ്റൊരു സിക്‌സര്‍ കൂടി വൈഭവ് പറത്തിയിരുന്നു. 14 റണ്‍സാണ് ബുംറയുടെ ആ ഓവറില്‍ മാത്രം വൈഭവ് അടിച്ചെടുത്തത്.

ഇതോടെ ഐ.പി.എല്ലില്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരെ നേടിയ സിക്‌സറുകളുടെ എണ്ണത്തില്‍ ഇതിഹാസങ്ങളെ മറികടക്കാനും ഈ 15കാരന് സാധിച്ചു. ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗെയ്ല്‍, ജോസ് ബട്‌ലര്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മിച്ചല്‍ മാര്‍ഷ്, ശിഖര്‍ ധവാന്‍, ഷെയ്ന്‍ വാട്‌സണ്‍, ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ശുഭ്മന്‍ ഗില്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ശിവം ദുബെ, ആരോണ്‍ ഫിഞ്ച്, നിതീഷ് റാണ, റിയാന്‍ പരാഗ്, ബെന്‍ സ്റ്റോക്‌സ്, നിക്കോളാസ് പൂരന്‍, റിങ്കു സിങ്, ട്രാവിസ് ഹെഡ് എന്നിവരടക്കമുള്ള താരങ്ങളെ ഈ ലിസ്റ്റില്‍ വൈഭവ് പിന്നിലാക്കി.

മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ആകാശം തൊട്ട അഞ്ച് സിക്സറും ഒരു ഫോറുമടക്കം 278.57 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് വൈഭവ് സ്‌കോര്‍ ചെയ്തത്.

അതേസമയം, സീസണില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 17 പന്തില്‍ 52 റണ്‍സടിച്ച താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 31 റണ്‍സും സ്വന്തമാക്കി.

നിലവില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വൈഭവ്. മൂന്ന് മത്സരത്തില്‍ നിന്നും 40.66 ശരാശരിയില്‍ 122 റണ്‍സ് രാജസ്ഥാന്‍ ഓപ്പണര്‍ നേടിയിട്ടുണ്ട്. 170 റണ്‍സുമായി യശസ്വി ജെയ്സ്വാളാണ് ഒന്നാമത്.

ഏപ്രില്‍ പത്തിനാണ് രാജസ്ഥാന്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്സാണ് എതിരാളികള്‍. ഗുവാഹത്തി തന്നെയാണ് വേദി.

Content highlight: Vaibhav Suryavanshi has more IPL sixes against Jasprit Bumrah than several legends

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more