| Monday, 27th July 2026, 10:18 pm

ഒരുത്തനെക്കൊണ്ടും തൊടാനാകാതെ ഈ ട്രിപ്പിള്‍ റെക്കോഡ് കുറച്ച് കാലം ഇവിടെ തന്നെ കാണും; ചരിത്രം തിരുത്തിയെഴുതി വൈഭവ്

ആദർശ് എം.കെ.

അത്ഭുതമൊന്നും സംഭവിക്കാതെ ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനം അവസാനിച്ചിരിക്കുകയാണ്. അയര്‍ലാന്‍ഡിനോടേറ്റ ഞെട്ടിക്കുന്ന പരാജയം ഷെവ്‌റോണ്‍സിനെതിരെയും ആവര്‍ത്തിക്കുമെന്ന് കണക്കുകൂട്ടിയ വിമര്‍ശകരുടെ മൂര്‍ദ്ധാവില്‍ ആണിയടിച്ചാണ് ശ്രേയസ് അയ്യരും സംഘവും പരമ്പര വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ തകര്‍ത്തടിച്ച് റെക്കോഡുകള്‍ വാരിക്കൂട്ടിയ ബേബി ബോസ് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിനാണ് ഹരാരെ സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മങ്ങിയെങ്കിലും സിംബാബ്‌വേക്കെതിരെ ഇന്ത്യന്‍ പിച്ചിലേതെന്ന പോലെ വൈഭവ് റണ്ണടിച്ചുകൂട്ടി.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയടിച്ചുതുടങ്ങിയ വൈഭവ് അവസാന മത്സരത്തിലും അര്‍ധ സെഞ്ച്വറിയടിച്ചാണ് സീരീസ് അവസാനിപ്പിച്ചത്.

ആദ്യ മത്സരത്തില്‍ 19 പന്തില്‍ 50 റണ്‍സുമായി തിളങ്ങിയ സൂര്യവംശി രണ്ടാം മത്സരത്തില്‍ ഒമ്പത് പന്ത് നേരിട്ട് 20 റണ്‍സുമായും മടങ്ങി.

ഹരാരെയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ മറ്റൊരു അര്‍ധ സെഞ്ച്വറിയുമായാണ് ഇന്ത്യന്‍ ഓപ്പണര്‍ തിളങ്ങിയത്. 49 പന്ത് നേരിട്ട് എട്ട് ഫോറിന്റെയും നാല് സിക്സറിന്റെയും അകമ്പടിയോടെ 81 റണ്‍സാണ് കുട്ടിത്താരം അടിച്ചെടുത്തത്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

ഇതോടെ പല ചരിത്ര റെക്കോഡുകളും വൈഭവിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ നേടിയ ഫിഫ്റ്റി, അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലേക്കാണ് വൈഭവിനെ കൊണ്ടെത്തിച്ചത്. 15 വയസും മൂന്ന് മാസവും 27 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വൈഭവിന്റെ ഈ നേട്ടം.

ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നേടാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം നടന്ന മൂന്നാം മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായും തുടര്‍ന്ന് പരമ്പരയിലെ താരമായും വൈഭവ് തെരഞ്ഞെടുക്കപ്പെട്ടു.

15 വയസും നാല് മാസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഈ രണ്ട് നേട്ടങ്ങളും പിറവിയെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരവും വൈഭവ് തന്നെയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!

കടല്‍ പോലെ അവസരങ്ങള്‍ വൈഭവിന് മുമ്പിലുണ്ട്, അതിലേറെ ക്രിക്കറ്റും. കരിയറില്‍ ഇനി ഏതെല്ലാം റെക്കോഡുകള്‍ താരം തകര്‍ക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകരും ക്രിക്കറ്റ് ലോകവും.

Content highlight: Vaibhav Suryavanshi has become the youngest player in international cricket to score a half-century and win the ‘Player of the Match’ and ‘Player of the Series’ awards.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more