| Tuesday, 9th June 2026, 11:56 am

ഇന്ത്യന്‍ ടീമില്‍ തിളങ്ങാനാവാതെ വൈഭവ്; നിരാശയോടെ മടങ്ങി 15കാരന്‍

Sudev A

ഇന്ത്യ എ, അഫ്ഗാനിസ്ഥാന്‍ എ, ശ്രീലങ്ക എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ പ്രകടനമാണ് യുവതാരം വൈഭവ് സൂര്യവംശി നടത്തിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 12 പന്തില്‍ 14 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. മൂന്ന് ഫോറുകളാണ് താരം നേടിയത്. മുഹമ്മദ് ഷിറാസാണ് വൈഭവിനെ പുറത്താക്കിയത്. ഐ.പി.എല്ലിലെ വൈഭവിന്റെ മിന്നും പ്രകടനം ഇന്ത്യന്‍ ടീമിലും കാണാനാവുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് കനത്ത നിരാശയാണ് നല്‍കിയത്.

അതേസമയം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യ ടി-20 ടീമില്‍ വൈഭവ് ഇടം നേടിയിട്ടുണ്ട്. വൈഭവ് അയര്‍ലാന്‍ഡിനെതിരെ കളത്തിലിറങ്ങുകയാണെങ്കില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 15കാരന്‍ മാറും.

ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവിന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.

അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

2026 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് 15കാരന് ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.

നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. 48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

2026 ഐ.പി.എല്‍ സീസണിലെ ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത് വൈഭവ് തന്നെയാണ്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു.

Content Highlight: Vaibhav Suryavanshi had a disappointing performance for India A team

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more