| Friday, 6th February 2026, 4:07 pm

വെറും ഒറ്റ മത്സരംകൊണ്ട് തിരുത്തിയത് ലോക ചരിത്രം; വെടിക്കെട്ട് ലിസ്റ്റില്‍ വൈഭവിന്റെ മാസ് എന്‍ട്രി!

ശ്രീരാഗ് പാറക്കല്‍

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിലവില്‍ 32 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് നേടിയത്.

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുന്നത്. വെറും 80 പന്തില്‍ നിന്ന് 15 ഫോറും 15 സിക്‌സും ഉള്‍പ്പെടെ 175 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 218.75 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും വൈഭവിന് സാധിച്ചിരിക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പിലെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് വൈഭവിന് സാധിച്ചത്. വെറും ഏഴ് ഇന്നിങ്‌സില്‍ നിന്ന് 30 സിക്‌സറുകളാണ് താരം അടിച്ചെടുത്തത്. കൗതുകമെന്തെന്നാല്‍ സീസണില്‍ താരമടിച്ച 15 സിക്‌സറുകളും പിറന്നത് ഫൈനലിലാണ്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഡെവാള്‍ഡ് ബ്രെവിസും ഫിന്‍ അലനുമാണ്.

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, എണ്ണം, ഇന്നിങ്‌സ്

വൈഭവ് സൂര്യവംശി (ഇന്ത്യ) – 30 – 7

ഡെവാള്‍ഡ് ബ്രെവിസ് (സൗത്ത് ആഫ്രിക്ക) – 18 – 6

ഫിന്‍ അലന്‍ (ന്യൂസിലാന്‍ഡ്) – 18 – 12

മത്സരത്തില്‍ നേരിട്ട 55ാം പന്തിലാണ് താരം ടൂര്‍ണമെന്റിലെ തന്റെ കന്നി സെഞ്ച്വറി അടിച്ചെടുത്തത്. മാനി ലംസ്ഡനാണ് വൈഭവിനെ പുറത്താക്കിയത്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ നിലയുറപ്പിച്ചത് 26 റണ്‍സ് നേടിയ വേദാദ് ത്രിവേദിയും 17 റണ്‍സ് നേടിയ വിഹാന്‍ മല്‍ഹോത്രയുമാണ്.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് മലയാളി താരം ആരോണ്‍ ജോര്‍ജിനെ ഒമ്പത് റണ്‍സിന് നഷ്ടമായി. എന്നാല്‍ വൈഭവും ആയുഷ് മാഹ്‌ത്രെയും തമ്മിലുള്ള 100+ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഒടുക്കം 51 പന്തില്‍ 53 റണ്‍സ് നേടി ആയുഷ് പുറത്താകുകയായിരുന്നു.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി, ആയുഷ് മാഹ്ത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മനോജ് മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദി, ആര്‍. എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡോക്കിന്‍സ്, ജോസഫ് മൂര്‍സ്, ബെന്‍ മെയ്‌സ്, തോമസ് റെവ (ക്യാപ്റ്റന്‍), കാലേബ് മാത്യു ഫാല്‍ക്കണര്‍, റാല്‍ഫി ആല്‍ബര്‍ട്ട്, ഫര്‍ഹാന്‍ അഹമ്മദ്, സെബാസ്റ്റ്യന്‍ മോര്‍ഗന്‍, ജെയിംസ് മിന്റോ, മാന്നി ലംഡെന്‍, അലക്സ് ഗ്രീന്‍.

Content Highlight: Vaibhav Suryavanshi Great Record Achievement In U19 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more