| Monday, 16th March 2026, 10:47 pm

വൈഭവിന് പതിനാറ് വയസ്, ധുരന്ധര്‍ കാണാന്‍ വേണ്ട പ്രായം പതിനെട്ട്; ട്രോളാക്കി സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

മുതിര്‍ന്നവര്‍ക്ക് പോലും അടിപതറുന്ന കുട്ടിക്രിക്കറ്റില്‍ കൊടുംങ്കാറ്റായി വീശി കായിക ലോകത്തെ അമ്പരിപ്പിച്ച ബാലനാണ് വൈഭവ് സൂര്യവംശി. തന്റെ പതിനാലാം വയസില്‍ തന്നെ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ താരം സകലരെയും അമ്പരപ്പിക്കുന്ന വെടിക്കെട്ടുമായാണ് തന്റെ വരവറിയിച്ചത്. ലോകോത്തര ബൗളര്‍മാരെ യാതൊരു ദയയുമില്ലാതെ അതിര്‍ത്തി കടത്തിയ താരത്തിന്റെ പ്രായമായിരുന്നു ഐ.പി.എല്ലിലെ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും കായികപ്രേമികള്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞത്.

വൈഭവ് സൂര്യവംശി. Photo: Esquire India

എന്നാല്‍ ഇതേ പ്രായം വെച്ച് തന്നെ താരത്തെ വീണ്ടും എയറിലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ക്രിക്കറ്റുമയി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ ഇഷ്ടപ്പെട്ട സിനിമയേതാണെന്ന ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് വൈഭവിനെ പൊല്ലാപ്പിലാക്കിയിരിക്കുന്നത്. രണ്‍വീര്‍ സിങ് നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി തിയേറ്ററില്‍ വന്‍ വിജയം നേടിയ ധുരന്ധറാണ് തന്റെ ഇഷ്ടചിത്രമെന്ന് താരം മറുപടി പറഞ്ഞിരിക്കുന്നത്.

പാകിസ്ഥാനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറയുന്ന ചിത്രത്തിലെ കൊടൂര വയലന്‍സ് കാരണം ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നിയമപ്രകാരം എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രങ്ങള്‍ കാണാന്‍ പതിനെട്ട് വയസ് പ്രായം വേണമെന്നിരിക്കെയാണ് പ്രായപൂര്‍ത്തിയാകാത്ത വൈഭവ് ചിത്രം കണ്ടെന്നും തന്റെ ഇഷ്ടപ്പെട്ട ചിത്രം ധുരന്ധറാണെന്നുമുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

തമാശ രൂപത്തിലാണ് പല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും താരത്തിനെതിരെ ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നത്. വൈഭവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം പൊളിഞ്ഞുവെന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്. എന്നാല്‍ എന്തിനാണ് ഇത്രയും വലിയ വിഷയമാക്കി ഇത് മാറ്റുന്നതെന്നും ചിത്രം ഒ.ടി.ടിയിലെത്തിയപ്പോള്‍ ടെലഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കണ്ടതായിരിക്കുമെന്നും പറഞ്ഞാണ് പലരും വൈഭവിനെ പലരും പിന്തുണക്കുന്നത്. കുഞ്ഞുങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അത് ക്ഷമിച്ച് കൊടുക്കണമെന്നും കമന്റുകളുണ്ട്.

ധുരന്ധര്‍. Photo: The Hollywood Reporter India

സമീപകാലത്ത് ഇന്ത്യന്‍ സിനിമ മേഖലയെ തന്നെ അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ആദിത്യ ധറിന്റെ ധുരന്ധര്‍ 2 നേടിയ വിജയം, വലിയ അവകാശവാദങ്ങളില്ലാതെ തിയേറ്ററുകലിലെത്തിയ ചിത്രം 1400 കോടിയിലധികം നേടിയാണ് തിയേറ്റര്‍ വിട്ടത്. ആദ്യ ഭാഗം ഉണ്ടാക്കിയ ഹൈപ്പ് കെട്ടടങ്ങും മുമ്പ് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും തിയേറ്ററിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മാര്‍ച്ച് 19 നാണ് ധുരന്ധര്‍ 2 റിലീസിനെത്തുന്നത്. പ്രീബുക്കിങ്ങിലെ സകല റെക്കോര്‍ഡുകളും ഇതിനോടകം തിരുത്തി കുറിച്ച് വമ്പന്‍ പ്രേക്ഷക സ്വീകാര്യതയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Vaibhav suryavanshi gets trolls for saying he watched A rated Film Dhurandhar

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more