ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ ഇന്ത്യ എ യു.എ.ഇ എയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. പിന്നീട് കണ്ടത് ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനമാണ്. സെഞ്ച്വറി നേടിയാണ് വൈഭവ് ഏവരെയും അമ്പരപ്പിച്ചത്.
വെറും 42 പന്തില്‍ നിന്ന് 15 കൂറ്റന്‍ സിക്‌സറുകളും 11 ഫോറും ഉള്‍പ്പെടെ 144 റണ്‍സാണ് താരം അടിച്ചെടുത്തത്. 342.85 എന്ന ഭീകര സ്‌ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ താണ്ഡവം.
യു.എ.ഇയുടെ ബൗളര്‍മാരെ ഒന്നടങ്കം തല്ലിത്തകര്‍ത്താണ് വൈഭവ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സില്‍ മുമ്പ് ഒരിക്കലും ഇത്തരത്തില്‍ ഒരു പ്രകടനം പിറവി കൊണ്ടിട്ടില്ല.
അവിടെയാണ് ഈ ഇന്ത്യക്കാരന്‍ പയ്യന്‍ തന്റെ ബാറ്റിങ് കരുത്ത് പുറത്തെടുത്തത് ലോകത്തെ ഞെട്ടിക്കുന്നത്. ഒടുക്കം യു.എ.ഇ ബൗളര്‍ മുഹമ്മദ് ഫറാസുദ്ദീനിന്റെ പന്തിലാണ് വൈഭവ് കൂടാരം കയറിയത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളത്തിലിറങ്ങിയ താരം സെഞ്ച്വറി നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം അന്ന് ഈ 14 വയസുകാരന്‍ നേടി. ശേഷം യൂത്ത് ഏകദിനത്തിലും ടെസ്റ്റിലും വൈഭവ് സെഞ്ച്വറി നേടി തന്റെ വരവ് അറിയിച്ചു. ഇപ്പോള്‍ ഇന്ത്യ എയ്ക്ക് വേണ്ടിയും സെഞ്ച്വറി നേടിയതോടെ ഭാവിയില്‍ ഇന്ത്യക്ക് വേണ്ടി അണിയറയില്‍ ഒരുങ്ങുന്നത് ഒരു അഡാറ് ഐറ്റം തന്നെയാണെന്ന് പറയാതെ വയ്യ.
വൈഭവിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചിട്ടത്. മത്സരത്തില്‍ വൈഭവിന് പുറമേ 83 റണ്‍സ് നേടി ജിതേഷ് ശര്‍മ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 32 പന്തില്‍ നിന്നും 6 സിക്‌സും 8 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നമന്‍ ദിര്‍ 34 റണ്‍സും നെഹാല്‍ വധേര 14 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടിയത്. ടീമിനുവേണ്ടി സൊഹൈബ് ഖാന്‍ 37 പന്തില്‍ 60 റണ്‍സ് നേടിയിട്ടുണ്ട്. മറുഭാഗത്ത് 15 പന്തില്‍ 14 റണ്‍സുമായി മുഹമ്മദ് അര്‍ഫാനുമുണ്ട്.