എ.സി.സി 2026 ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസിൽ യു.എ.ഇക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. ദോഹയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 14.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
യുവതാരം വൈഭവ് സൂര്യവംശിയുടെ ഡബിൾ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യയുടെ വിജയം. 53 പന്തുകളിൽ നിന്നും 204 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. തുടക്കം മുതൽ യു.എ.ഇ ബൗളർമാരെ തകർത്തടിച്ച വൈഭവ് ഏഴ് ഫോറുകളും 28 പടുകൂറ്റൻ സിക്സുകളുമാണ് അടിച്ചെടുത്തത്. 384.91 വമ്പൻ സ്ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റ് വീശിയത്.
ലിസ്റ്റ് എ ക്രിക്കറ്റിലെ പല റെക്കോഡുകളും തിരുത്തിക്കുറിച്ച ഈ സെഞ്ച്വറിയിൽ മറ്റൊരു ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. പ്രൊഫഷണൽ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്നിങ്സിൽ ഒരു താരം ഇത്രയധികം സിക്സുകൾ അടിച്ചുകൂട്ടുന്നത്. ഇതിന് മുമ്പ് ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ പിറന്ന മത്സരം രഞ്ജി ട്രോഫിയിലായിരുന്നു.
2023-24 സീസണിൽ അരുണാചൽ പ്രദേശിനെതിരെ ഹൈദരാബാദിന് വേണ്ടി 26 സിക്സുകൾ നേടിയ തന്മയ് അഗർവാളാണ് ഈ നേട്ടത്തിൽ ഇതിന് മുമ്പ് ഈ നേട്ടത്തിൽ ഉണ്ടായിരുന്നത്. ഈ റെക്കോഡാണ് വൈഭവിന്റെ സിക്സർ മഴയിൽ തകർന്ന് വീണത്.
അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇക്ക് വേണ്ടി ഹർപ്രിത് സിങ് ഭാട്ടിയ സെഞ്ച്വറി നേടി തിളങ്ങി. 144 പന്തുകളിൽ നിന്നും 12 ഫോറുകളും നാല് സിക്സുകളും അടക്കം 130 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ ബേസിൽ ഹമീദ് പുറത്താവാതെ 36 റൺസും നേടി പൊരുതി.
ഇന്ത്യൻ ബൗളിങ് നിരയിൽ അർഷാദ് ഖാൻ നാല് വിക്കറ്റുകൾ നേടിയപ്പോൾ ഹർഷിത് റാണ, സൂര്യാൻഷ് ഷെഡ്ജെ, ഹർഷ് ദുബെ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി.
Content Highlight: Vaibhav Suryavanshi create a new record in cricket