| Tuesday, 24th November 2026, 6:06 pm

ഡബിൾ സെഞ്ച്വറിയിൽ കത്തിജ്വലിച്ച് സൂര്യവംശി; തിരുത്തിയത് ലോക ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

എ.സി.സി 2026 ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസിൽ യു.എ.ഇക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യ ഈ മത്സരത്തിൽ ശക്തമായി തിരിച്ചുവരുകയായിരുന്നു.

ദോഹയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 14.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു. ഈ തകർപ്പൻ വിജയത്തോടെ ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു

യുവ വിസ്മയം വൈഭവ് സൂര്യവംശിയുടെ ഡബിൾ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യയുടെ തകർപ്പൻ വിജയം. 53 പന്തുകളിൽ നിന്നും 204 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. തുടക്കം മുതൽ യു.എ.ഇ ബൗളർമാരെ തകർത്തടിച്ച വൈഭവ് ഏഴ് ഫോറുകളും 28 പടുകൂറ്റൻ സിക്സുകളുമാണ് അടിച്ചെടുത്തത്. 384.91 വമ്പൻ സ്ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റ് വീശിയത്.

52 പന്തിൽ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസ് ഓപ്പണർ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി എന്ന റെക്കോഡും തന്റെ പേരിലാക്കി മാറ്റി. കാന്റർബറിക്ക് വേണ്ടി 103 പന്തുകളിൽ നിന്നും ഒട്ടാഗോയ്‌ക്കെതിരെ ഡബിൾ സെഞ്ച്വറി നേടിയ ചാഡ് ബോവ്സിനെയാണ് വൈഭവ് മറികടന്നത്.

അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇക്ക് വേണ്ടി ഹർപ്രിത് സിങ് ഭാട്ടിയ സെഞ്ച്വറി നേടി തിളങ്ങി. 144 പന്തുകളിൽ നിന്നും 12 ഫോറുകളും നാല് സിക്സുകളും അടക്കം 130 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ ബേസിൽ ഹമീദ് പുറത്താവാതെ 36 റൺസും നേടി പൊരുതി.

ഇന്ത്യൻ ബൗളിങ് നിരയിൽ അർഷാദ് ഖാൻ നാല് വിക്കറ്റുകൾ നേടിയപ്പോൾ ഹർഷിത് റാണ, സൂര്യാൻഷ് ഷെഡ്ജെ, ഹർഷ് ദുബെ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി.

Content Highlight: Vaibhav Suryavanshi create a new history in List A cricket

We use cookies to give you the best possible experience. Learn more